ഷാര്‍ജ: ഈ അധ്യയനവര്‍ഷം ക്ലാസ്മുറിയില്‍ തമ്മില്‍ കാണാത്ത കുട്ടികളെ 'ഒന്നിച്ചുനിര്‍ത്തി' ഒരു ഫോട്ടോസെഷന്‍ ഒരുക്കിയിരിക്കുകയാണ് മലയാളിയായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക. വിന്റോസ് 10 പെയിന്റ് ത്രീഡി ഉപയോഗിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ഗേള്‍സ് വിഭാഗം ഗ്രേഡ് ഒന്നിലെ 35 കുട്ടികളെയാണ് അധ്യാപികയായ പ്രീതി ജെ. നമ്പ്യാര്‍ ഒരേ ഫോട്ടോയിലാക്കിയത്.

യു.എ.ഇ.യില്‍ ആദ്യമായാണ് പരസ്പരം നേരിട്ട് കാണാത്ത കുട്ടികളെ ഇത്തരത്തില്‍ ഒറ്റ സ്‌നാപ്പിലൊതുക്കി ഫോട്ടോ വിസ്മയം സൃഷ്ടിച്ചത്. കോവിഡ് കാലമായതിനാല്‍ കുട്ടികള്‍ക്ക് പരസ്പരം നേരില്‍കാണാന്‍ സാധിക്കാത്ത വിഷമം രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപികയെ അറിയിക്കുകയായിരുന്നു.

വിഷമം മനസ്സിലാക്കിയ പ്രീതി ഷാര്‍ജയിലും നാട്ടിലുമുള്ള കുട്ടികളുടെ രക്ഷിതാക്കളെവിളിച്ച് ഓരോരുത്തരുടേയും സ്‌കൂള്‍ യൂണിഫോമിലുള്ള ഫുള്‍ സൈസ് ഫോട്ടോ അയക്കാന്‍ പറഞ്ഞു. പിന്നീട് ഓരോരുത്തരുടേയും ഫോട്ടോ ഒരുമിപ്പിച്ചാണ് ഒറ്റ ഫ്രെയ്മിലാക്കിയത്. കുട്ടികളുടെ നടുവില്‍ ഗ്രേഡ് ഒന്നിലെ ക്ലാസ് ടീച്ചറായ പ്രീതിയേയും ആപ്പ് വഴി സ്വയം സൃഷ്ടിച്ചു.

തുടര്‍ന്ന് 35 കുട്ടികള്‍ക്കും അധ്യാപിക തന്നെ ഫോട്ടോ അയച്ചുകൊടുത്തു. ഫോട്ടോകിട്ടിയ കുട്ടികള്‍ അധ്യാപികയോട് നന്ദിയും സന്തോഷവുമറിയിച്ചു. ഗ്രേഡ് ഒന്നിലെ 20-ഓളം കുട്ടികള്‍ കോവിഡ് കാരണം നാട്ടില്‍നിന്നാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. രക്ഷിതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടും പല കുട്ടികളും നാട്ടിലായിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം 'ഫോട്ടോയില്‍ നില്‍ക്കാന്‍' സാധിച്ച സന്തോഷത്തിലാണ്.

കോവിഡ് സൃഷ്ടിച്ച കുട്ടികളുടെഏകാന്തത അവരെ കൂടുതല്‍ മാനസിക പ്രയാസത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍ വേറിട്ട ഫോട്ടോ ഉണ്ടാക്കിയതെന്ന് പ്രീതി പറഞ്ഞു. കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിനിയാണ്. നാലുവര്‍ഷമായി ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. അല്‍ ഹബ്ത്തൂര്‍ മോട്ടോര്‍ ജീവനക്കാരനായ വിവേക് ആണ് ഭര്‍ത്താവ്, കെ.ജി. വിദ്യാര്‍ഥിനി ധ്വനി മകളാണ്. സ്‌കൂള്‍ ഉടമസ്ഥരായ ഇന്ത്യന്‍ അസോസിയേഷനും സഹപ്രവര്‍ത്തകരും പ്രീതിയെ അഭിനന്ദിച്ചു.

Content Highlights: The teacher put the children in a single snap