ബെംഗളൂരു: ജീവവായുവുമായി ബെംഗളൂരുവിലെത്തിയ ഓക്സിജന്‍ എക്‌സ്പ്രസ് നിയന്ത്രിച്ചത് രണ്ടു വനിതകളായിരുന്നു. അതിലൊരു യുവതി മലയാളിയും. എന്‍ജിന്‍ കാബിനില്‍ ലോക്കോ പൈലറ്റ് സിരീഷ ഗജിനിക്കൊപ്പം തീവണ്ടിയുടെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ കോട്ടയം വെള്ളൂര്‍ സ്വദേശിയായ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആര്‍.പി. അപര്‍ണയ്ക്ക് അത് ആദ്യ അനുഭവമായിരുന്നു.

കാബിനില്‍ പുരുഷന്മാരായ ലോക്കോ പൈലറ്റിനൊപ്പം തീവണ്ടി നിയന്ത്രിച്ചായിരുന്നു അതുവരെ പരിചയം. വനിതാ ലോക്കോ പൈലറ്റിനൊപ്പം തീവണ്ടിയുടെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ പക്ഷേ, അപര്‍ണയ്ക്ക് തെല്ലും ആശങ്കതോന്നിയില്ല. മനസ്സില്‍ ഒറ്റലക്ഷ്യം മാത്രം. ഗുഡ്സ് തീവണ്ടിയില്‍ നിറച്ചിരിക്കുന്നത് കോവിഡ് രോഗികള്‍ക്കുള്ള ഓക്സിജനാണ്. അത് ലക്ഷ്യസ്ഥാനത്തെത്തിക്കണം.

ജാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്നും പുറപ്പെട്ട ഓക്സിജന്‍ എക്സ്പ്രസ് തീവണ്ടിയായിരുന്നു അത്. തീവണ്ടിയുടെ ക്രൂ ചെയിഞ്ചിങ് പോയന്റായ തമിഴ്നാട്ടിലെ ജോലാര്‍പേട്ടില്‍നിന്നാണ് സിരീഷയും അപര്‍ണയും നിയന്ത്രണമേറ്റെടുക്കുന്നത്.

നല്ല മഴയത്തായിരുന്നു യാത്ര. രാത്രി എട്ടുമണിക്ക് നിയന്ത്രണമേറ്റെടുത്ത തീവണ്ടിയെ അവര്‍ ഒന്നരമണിക്കൂര്‍കൊണ്ട് 120 കിലോമീറ്റര്‍ അകലെയുള്ള ബെംഗളൂരു വൈറ്റ് ഫീല്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.

റെയില്‍വേ ബെംഗളൂരു ഡിവിഷനിലാണ് അപര്‍ണയും സിരീഷയും ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റായി അപര്‍ണ ജോലി തുടങ്ങിയത്. വയനാട് ഗവ. എന്‍ജിനിയറിങ് കോളേജില്‍നിന്നും എന്‍ജിനിയറിങ് ബിരുദമെടുത്തശേഷമാണ് അപര്‍ണ ആഗ്രഹിച്ച ജോലിക്ക് ചേരുന്നത്. വിശാഖപട്ടണം സ്വദേശിയാണ് സിരീഷ. ലോക്കോ പൈലറ്റായി എട്ടുവര്‍ഷത്തെ പരിചയം സിരീഷയ്ക്കുണ്ട്.

Content Highlights: The Oxygen Express, which arrived in banglore was controlled by two women