കോവിഡ് ബാധിച്ച് ആശുപത്രി കിടക്കയിലായപ്പോഴും ആത്മവിശ്വാസം കൈവിടാതെ 'ലവ് യു സിന്ദഗി' ഗാനം ആസ്വദിക്കുന്ന വീഡിയോയിലൂടെ വൈറലായ യുവതി മരണത്തിന് കീഴടങ്ങി. ആശുപത്രി കിടക്കയില്‍ ഓക്സിജന്‍ മാസ്‌കുമായി പാട്ട് ആസ്വദിക്കുന്ന യുവതിയുടെ വീഡിയോ ഡോ. മോണിക്ക ലാങ്കേയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

യുവതി മരണത്തിന് കീഴടങ്ങിയതായി ഡോക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു. 'ക്ഷമിക്കണം, ധീരയായ പെണ്‍കുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' -ഡോക്ടര്‍ കുറിച്ചു.

കോവിഡ് ബാധിതയായ യുവതി ഏതെങ്കിലും പാട്ട് കേള്‍പ്പിച്ച് തരാമോ എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും ഷാരൂഖ് ഖാന്റെയും ആലിയ ഭട്ടിന്റെയും ഡിയര്‍ സിന്ദഗി എന്ന ചിത്രത്തിലേ ലവ് യൂ സിന്ദഗീ എന്ന പാട്ടാണ് താന്‍ വെച്ചുകൊടുത്തതെന്നും വീഡിയോക്കൊപ്പം ഡോക്ടര്‍ കുറിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന ദൃശ്യമായിരുന്നു ഇത്. 

'അവള്‍ക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐ.സി.യു കിടക്ക കിട്ടാത്തതിനാല്‍ കോവിഡ് എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞ 10 ദിവസമായി ഞങ്ങള്‍ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവള്‍ കഴിയുന്നത്, റെംഡിസിവര്‍ മരുന്ന് നല്‍കുകയും പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയയാവുകയും ചെയ്തിട്ടുണ്ട്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവള്‍. പാട്ട് വെച്ചോട്ടെ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. 'പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്' എന്ന കുറിപ്പോട് കൂടിയാണ് ഈ വീഡിയോ ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പങ്കുവെച്ചത്.

Content Highlights: The Covid patient from Love You Zindagi viral video has died