നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ നിമ്മി ഇനി ഡോ. എല്‍.ബി.നിമ്മി. മലയാളസാഹിത്യത്തില്‍ പിഎച്ച്.ഡി. നേടിയ നിമ്മിക്ക് സ്‌നേഹാദരവുമായി സഹപ്രവര്‍ത്തകര്‍.

പെരുമ്പഴുതൂര്‍ ആലംപൊറ്റ സ്വദേശിനിയായ എല്‍.ബി.നിമ്മി മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍നിന്നുമാണ് പിഎച്ച്.ഡി. നേടിയത്.

മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദമെടുത്ത നിമ്മി, കെ.പി.രാമനുണ്ണിയുടെ നോവലുകളിലെ ജീവിതദര്‍ശനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് പിഎച്ച്.ഡി. ലഭിച്ചത്.

നിമ്മി ജോലിക്കൊപ്പമാണ് ഗവേഷണവും കൊണ്ടുപോയത്. ഐ.ടി.ഡി.സി.യില്‍നിന്നു വിരമിച്ച എസ്.ബെന്‍സിയറിന്റെയും സി.ലളിതയുടെയും മകളാണ്.

കെ.എസ്.ആര്‍.ടി.സി. സിറ്റി യൂണിറ്റിലെ മെക്കാനിക്കായ എന്‍.ഗോഡ്വിന്റെ ഭാര്യയാണ്. പ്ലസ്ടു വിദ്യാര്‍ഥി ആത്മിക് ഗോഡ്വിന്‍, പത്താം ക്ലാസില്‍ പഠിക്കുന്ന ആഷ്മിക് ഗോഡ്വിന്‍ എന്നിവര്‍ മക്കളാണ്.

കെ.എസ്.ആര്‍.ടി.ഇ. അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിമ്മിക്ക് ആദരവൊരുക്കിയത്. ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആര്‍.സലൂജ ഉപഹാരം നല്‍കി.

അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി.അശ്വതി, സുശീലന്‍ മണവാരി, എന്‍.കെ.രഞ്ജിത്ത്, രശ്മി രമേഷ്, ജി.ജിജോ, എന്‍.എസ്.വിനോദ്, വി.സൗമ്യ, കെ.പി.ദീപ, ബി.ദിവ്യ, രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Content highlights: the conductor of neyyatinkara dipot got phd in malayalam literature