തൃശ്ശൂര്‍: ''പെണ്ണൊരുത്തി ഇവളങ്ങനൊരുത്തി

തൊട്ടാല്‍ പൊള്ളണൊരുത്തി

ഉള്ളില്‍ അവള്‍ കൊളുത്തി

നിങ്ങള്‍ എവിടിരുത്തി

അവള്‍, അവളൊരു തീ....''-

hima
ഹിമ

ഹിമയുടെ വാക്കും സംഗീതവും ശബ്ദവും തീപോലെ പടര്‍ന്നുകത്തുകയാണ്. വീട്ടകങ്ങളില്‍ അടച്ചിടേണ്ടവരല്ല പെണ്‍ജന്മങ്ങളെന്നോര്‍മിപ്പിച്ച് 'റഗാസ' എന്ന സംഗീത ആല്‍ബം യൂട്യൂബില്‍ മുന്നേറുമ്പോള്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശിനിയായ ഈ സംഗീതജ്ഞയ്ക്ക് ആത്മസാക്ഷാത്കാരത്തിന്റെ നിമിഷങ്ങള്‍. അധ്യാപികയും ഗായികയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹിമയൊരുക്കിയ ആദ്യ സംഗീത ആല്‍ബം യൂട്യൂബില്‍ പതിനായിരത്തിലധികംപേര്‍ കണ്ടുകഴിഞ്ഞു. റാപ്പ് സംഗീതത്തിന്റെ ചടുലതയും പൊള്ളുന്ന വാക്കുകളും ചടുലതയാര്‍ന്ന ചുവടുകളുമാണ് 'റഗാസ'യെ തരംഗമാക്കുന്നത്.

കൊടുങ്ങല്ലൂരിനടുത്ത് കാവില്‍ക്കടവില്‍ ശശിധരന്റെയും സതിയുടെയും മകളായ ഹിമ അഞ്ചാം ക്ലാസ് മുതല്‍ സംഗീതലോകത്തുണ്ട്. എന്നാല്‍, വിവാഹത്തിനുശേഷമാണ് സംഗീതത്തില്‍ സജീവമായത്. വിവാഹശേഷം ഭര്‍ത്താവ് ഷിന്‍ജൊ രാമന്‍കുളത്താണ് വീട്ടിലൊതുങ്ങിക്കൂടാതെ പുറത്തേക്കിറങ്ങാന്‍ നിര്‍ബന്ധിച്ചത് -ഹിമ പറയുന്നു.

കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്നു. ഗര്‍ഭിണിയുമായിരുന്നു. അടച്ചിരുപ്പിന്റെ ഈ വേളയിലെ ആത്മസംഘര്‍ഷത്തില്‍നിന്നാണ് ഈ വരികള്‍ എഴുതുന്നത്. എഴുതുമ്പോള്‍ത്തന്നെ ഈണവും മനസ്സിലെത്തി -ഹിമ പറയുന്നു. നാലുവയസ്സുകാരന്‍ അര്‍ണവും ഒരുവയസ്സുകാരന്‍ ഖയാലുമാണ് മക്കള്‍. ഷിന്‍ജൊ തന്നെയാണ് റഗാസയുടെ നിര്‍മാതാവ്. അഭിജിത് സേതുവാണ് സംവിധാനം.

Content highlights: teacher come singer brought out music video ragazza trending