പൊതുസ്ഥലത്തിരുന്ന് മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം അവരുടെ അനുവാദമില്ലാതെ എടുത്താല്‍ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് ഇംഗ്ലണ്ടിലും വെയില്‍സിലും അംഗീകാരമായേക്കും. പുതിയ നിയമനിര്‍മാണത്തിലൂടെ നിയമലംഘകര്‍ക്ക് പരമാവധി രണ്ടുവര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിക്കുകയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതി ബില്ലിന്റെ ഭേദഗതിയായിട്ടായിരിക്കും നീതിന്യായ മന്ത്രാലയം ഈ നിയമം ഉള്‍പ്പെടുത്തുക. പീഡന ഉദ്ദേശത്തോടെയോ ആത്മസംതൃപ്തിക്കുവേണ്ടിയോ ഉപദ്രവിക്കപ്പെടുന്ന സ്ത്രീകളെ ഈ നിയമം സഹായിക്കുമെന്ന് യു.കെ. നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. 

ഇങ്ങനൊരു രീതിയില്‍ ഒരു അമ്മ പോലും ഉപദ്രവിക്കപ്പെടില്ല. സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാനും നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ ജൂലിയ കൂപ്പറാണ് പൊതുവിടത്തില്‍ മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോ എടുക്കുന്നതിരേയുള്ള കാംപെയ്‌നിന് തുടക്കം കുറിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്തു. 

'ഒരു ദിവസം ഞാന്‍ എന്റെ മകള്‍ക്ക് ഇരുന്ന് മുലയൂട്ടുകയായിരുന്നു. മറ്റൊരു ബെഞ്ചിലിരുന്ന് ഒരാള്‍ ഞങ്ങളെ തുറിച്ച് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാളെ അറിയിക്കുന്നതിന് തിരിച്ച് നോക്കി. പക്ഷേ, യാതൊരു കൂസലുമില്ലാതെ അയാള്‍ തന്റെ ഡിജിറ്റല്‍ കാമറ പുറത്തെടുത്ത് സൂം ലെന്‍സ് പിടിപ്പിച്ചശേഷം ഞങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി-ജൂലിയയെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. 

ആകെ അസ്വസ്ഥതയായ ജൂലിയ തന്റെ പരിചയക്കാരായ രണ്ടുപേരോട് വിവരം പറഞ്ഞു. എന്നാല്‍, അവര്‍ക്കും സമാനമായ അനുഭവം മുമ്പ് ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ കാംപെയ്‌നാണ് പിന്നീട് യു.കെ. പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വരെ എത്താന്‍ കാരണമായതും നിയമനിര്‍മാണത്തിന് വഴി തുറന്നതും.  

Content highlights: taking photographs, breastfeeding mothers in public place, could lead to jail in england