തുടർച്ചയായി ബലാത്സം​ഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണോയെന്ന് സർക്കാർ ഉദ്യോ​ഗസ്ഥനായ പ്രതിയോട് സുപ്രീംകോടതി ചോദിച്ചതിനെ ഞെട്ടലോടെയാണ് സകലരും എതിരേറ്റത്. 2014-15 കാലയളവിൽ പതിനാറുകാരിയെ 12 തവണ ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിയോടായിരുന്നു കോടതിയുടെ ചോദ്യം. ഇപ്പോഴിതാ വിഷയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം താപ്സി പന്നുവും ​ഗായിക സോനാ മൊഹപത്രയും. 

സുപ്രീംകോടതിയു‌ടെ ചോദ്യത്തോടുള്ള അമർഷം മുഴുവൻ പ്രക‌ടമാകുന്നതായിരുന്നു താപ്സിയുടെ ട്വീറ്റ്. ശരിക്കും ഈ ചോദ്യം ആ പെൺകുട്ടിയോട് ചോദിച്ചതാണോ? പീഡിപ്പിച്ചവനെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നുണ്ടോയെന്ന്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? തീർത്തും അസ്വസ്ഥപ്പെടുത്തുന്നത് എന്നാണ് താപ്സി കുറിച്ചത്. 

ഇത് വളരയേറെ അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് സോനാ മൊഹപത്രയും കുറിച്ചത്. ബലാത്സം​ഗത്തിന്റെ ഇരയെ പീഡകൻ കല്ല്യാണം കഴിക്കുന്നത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരുന്നിരിക്കും, പക്ഷേ എങ്ങനെ ഇന്ത്യയിലെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാൻ കഴിഞ്ഞു?- സോനാ കുറിച്ചു. 

പതിനാറുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിൽ ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെതിരേ പ്രതി മോഹിത് സുഭാഷ് ചവാൻ (23) നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇങ്ങനെ ചോദിച്ചത്. വിവാഹത്തിന് താൻ ആഗ്രഹിച്ചെങ്കിലും പെൺകുട്ടി വിസമ്മതിച്ചതിനാൽ പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്ന് പ്രതി അറിയിച്ചു.

പരാതി പിൻവലിക്കാനായി, മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രതിയുടെ അമ്മ നേരത്തേ ഉറപ്പുനൽകിയതായി രേഖയിലുണ്ട്. പിന്നീട് പിന്മാറി. ഈ സാഹചര്യത്തിലാണ് കോടതി വിവാഹത്തിന്റെ കാര്യം ചോദിച്ചത്. വിവാഹം കഴിക്കാൻ കോടതി നിർബന്ധിക്കുകയല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അറസ്റ്റു ചെയ്താൽ തന്റെ കക്ഷിയെ സർക്കാർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുമെന്ന് പ്രതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതെല്ലാം കുറ്റം ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ഹർജി തള്ളിയെങ്കിലും നാലാഴ്ചത്തേക്ക്‌ അറസ്റ്റിൽനിന്ന് സംരക്ഷണവും സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാൻ അനുമതിയും സുപ്രീംകോടതി നൽകി.

Content Highlights: Taapsee Pannu, Sona Mohapatra shocked as SC asks rape accused if he will marry the survivor