anupamaമാര്‍ച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് കരുത്തുറ്റ സ്ത്രീത്വത്തെ തിരഞ്ഞെടുക്കാന്‍ മാതൃഭൂമി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പില്‍ 54.67% വോട്ടുമായി ഒന്നാം സ്ഥാനത്തെത്തിയത് ഭക്ഷ്യ സുരക്ഷാകമ്മീഷണറും ടൂറിസം ഡയറക്ടറുമായ ടി.വി അനുപമ. ഒപ്പമുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് അനുപമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭക്ഷ്യസുരക്ഷ കമ്മീഷണറെന്ന നിലയില്‍ അനുപമ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ വന്‍ ജനപ്രീതി നേടിയിരുന്നു. ഇതുതന്നെയാണ് അവരെ ഒന്നാംസ്ഥാനത്തെത്തിച്ചതും. 15.9% വോട്ടുമായി സുനിതാകൃഷ്ണനും 12.7% വോട്ടുമായി ദയാഭായിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

Graph

കരുത്തുറ്റ സ്ത്രീത്വമായി പൊതുജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ടി.വി.അനുപമ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'എന്നെ എന്നും മുന്നോട്ട് നയിക്കുന്നത് ജനങ്ങളാണ്. ഔദ്യോഗിക ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തിജീവിതത്തെ വരെ ബാധിച്ചപ്പോഴും തളരാതെ മുന്നോട്ട് പോകാന്‍ കരുത്ത് തന്നത് പൊതുജനങ്ങളാണ്. വി ആര്‍ വിത്ത് യൂ എന്നു പറഞ്ഞ് നിരവിധി മെസേജുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഞാന്‍ ഒരു പബ്ലിക് സെര്‍വന്റാണ്.  അവര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ അവര്‍ തിരിച്ചറിയുകയും പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ അത് തരുന്ന മാനസിക ഊര്‍ജം വളരെ വലുതാണ്. സുനിതാ കൃഷ്ണനും ദയാ ഭായിയും ഉള്‍പ്പടെ സ്ത്രീ കരുത്ത് എന്തെന്ന് ഞാന്‍ പഠിച്ചവരുടെ കൂട്ടത്തില്‍ നിന്നും ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത് എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചിരിക്കുകയാണ്. അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മികച്ച സേവനം തന്നെ കാഴ്ച വക്കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും.' അനുപമ പറഞ്ഞു. 

എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയായിരിക്കണം സ്ത്രീ സമൂഹത്തിന് മുന്നിലുണ്ടായിരിക്കേണ്ട അടുത്ത ലക്ഷ്യമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഇന്ന് എല്ലാ മേഖലയിലും സ്ത്രീകള്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു. സ്ത്രീക്ക് സാധിക്കാത്തത് ഒന്നുമില്ലെന്ന് കുറച്ച് സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ച് തരികയാണ്. കുറച്ച് പേര്‍ക്ക് കഴിയുമെങ്കില്‍ എല്ലാവര്‍ക്കും അതിന് കഴിയും. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നുള്ളതാകണം അടുത്തപടി. എല്ലാ സ്ത്രീകളും അതിന് വേണ്ടി മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു. 

വിഷം കലര്‍ന്ന പച്ചക്കറിക്കെതിരെ ശക്തമായ നടപടികളെടുത്ത് ശ്രദ്ധ നേടിയ ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ടി.വി അനുപമ. സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന രൂക്ഷപ്രശ്‌നങ്ങളിലൊന്നിനെതിരെ ശക്തമായി പോരാടുകയും നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്യുന്ന അനുപമയ്ക്ക് സമൂഹത്തില്‍നിന്ന് വലിയ പിന്തുണ ലഭിച്ചു. കോഴിക്കോട് അസി.കളക്ടര്‍, കോസര്‍കോട് സബ് കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.