ശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കുന്നവര്‍ ഇന്നുമുണ്ട്. അത്തരത്തിലൊരു വിവാദപരാമര്‍ശത്തിലൂടെ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു ഹെല്‍ത്ത് കമ്മീഷണര്‍. 

സിട്ടി ഹിക്മാവട്ടി എന്ന ഇന്തോനേഷ്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ പറഞ്ഞ കാര്യം കേട്ട ഞെട്ടലിലാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍. മറ്റൊന്നുമല്ല പുരുഷന്മാര്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ സ്ത്രീകളും നീന്തിയാല്‍ അവര്‍ ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്ന പരാമര്‍ശമാണ് സിട്ടി നടത്തിയത്. 

ആരോഗ്യമുള്ള ബീജങ്ങള്‍ ഉള്ള പുരുഷന്മാര്‍ക്കൊപ്പമാണ് പൂളില്‍ നില്‍ക്കുന്നതെങ്കില്‍ ലൈംഗികബന്ധം ഇല്ലാതെ തന്നെ സ്ത്രീകള്‍ ഗര്‍ഭിണിയാകുമെന്നാണ് സിട്ടിയുടെ വാദം. പുരുഷന്മാര്‍ വെള്ളത്തില്‍ സ്ഖലനം ചെയ്യുന്നതിലൂടെ സ്ത്രീയിലേക്ക് ബീജം നിക്ഷേപിക്കപ്പെടുമെന്നാണ് സിട്ടി പറയുന്നത്. 

എന്നാല്‍ സിട്ടിയുടെ പരാമര്‍ശത്തിന് വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. ആരോഗ്യമേഖലയേക്കുറിച്ച് ധാരണയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലാതെ അസംബന്ധം പ്രചരിപ്പിച്ച് ആളുകളില്‍ ഭീതി നിറയ്ക്കുകയല്ല വേണ്ടതെന്നും ഇന്തോനേഷ്യയിലെ മെഡിക്കല്‍ അസോസിയേഷന്‍ അധികൃതര്‍ പ്രതികരിച്ചു. എതിര്‍ലിംഗക്കാര്‍ക്കൊപ്പം നീന്തുന്നതിലൂടെ ഗര്‍ഭധാരണം സാധ്യമാകില്ലെന്നും ക്ലോറിനേറ്റഡ് വെള്ളത്തില്‍ ബീജത്തിന് ജീവിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

സോഷ്യല്‍മീഡിയയിലും സിട്ടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ സാധാരണ ജനങ്ങള്‍ ജീവനും സാധനങ്ങളും കൊണ്ട് രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ സിട്ടി ആണുങ്ങളേയും പെണ്ണുങ്ങളേയും വേര്‍തിരിച്ചു നിര്‍ത്താന്‍ പറയുമെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. സിട്ടിയുടെ പരാമര്‍ശം സംഘനയുടേതെന്ന രീതിയില്‍ പ്രചരിപ്പിക്കരുതെന്ന് കെപിഎഐയുടെ ചെയര്‍മാന്‍ സുസാന്റോയും പ്രതികരിച്ചു.

വിഷയം കൈവിട്ടുപോയതോടെ സിട്ടി ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. തെറ്റായ പരാമര്‍ശം നടത്തിയതില്‍ സമൂഹത്തോട് മാപ്പ് ചോദിക്കുന്നു. അത് സംഘടനയുടെ പരാമര്‍ശമല്ല മറിച്ച് തന്റെ വ്യക്തിപരമായ അഭിപപ്രായം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഇനിയൊരിക്കല്‍ക്കൂടി വിഷയം ചര്‍ച്ച ചെയ്ത് വിവാദമാക്കരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും സിട്ടി പറഞ്ഞു. 

Content Highlights: swimming in same pool as men with strong sperm makes women pregnant