നിരന്തരം സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന് വിധേയമാകുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സാമൂഹിക മാധ്യമങ്ങളിൽ അവര്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് പലപ്പോഴും മോശം രീതിയുള്ള പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. കഴിഞ്ഞദിവസം താന്‍ സാരിയുടുത്തുനില്‍ക്കുന്ന ഒരു ചിത്രം സ്വര ട്വീറ്റ് ചെയ്തിരുന്നു. ഒരു സാരി, ഒരു പാര്‍ക്ക്, ഒരു നടത്തം, ഒരു പുസ്തകം...എന്ന ക്യാപ്ഷനോടെയാണ് സ്വര ചിത്രം പങ്കുവെച്ചത്.

ഈ ചിത്രത്തിന് താഴെ തന്റെ വീട്ടിലെ ജോലിക്കാരി സാരി ഉടുത്താല്‍ ഇതിലും മനോഹരമാണെന്ന് ഒരു യുവാവ് കമന്റ് ചെയ്തു.   

ഇതിന് സ്വര നല്‍കിയ മറുപടിയാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിങ്ങളുടെ വീട്ടുജോലിക്കാരി സുന്ദരിയാണെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്. അവരുടെ ജോലിയും അവരുടെ അന്തസ്സും നിങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവരോട് മോശം രീതിയില്‍ പെരുമാറരുത്-സ്വര മറുപടി നല്‍കി. 

കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയതിന് നിരവധി പേരാണ് സ്വരയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൂടാതെ, വീട്ടുജോലിക്കാരിയെക്കുറിച്ച് വിവേകശൂന്യമായ പരാമര്‍ശം നടത്തിയതിന് യുവാവിനെ ഒട്ടേറെപ്പേര്‍ വിമര്‍ശിച്ചു. 

എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും അവരുടെ തൊഴിലില്‍ കാര്യമില്ലെന്നും ഒരാള്‍ കമന്റു ചെയ്തു.