വിശ്വസുന്ദരി, ബി.ടൗണിനെ ഇളക്കി മറിച്ച താരസുന്ദരി തുടങ്ങി സുസ്മിത സെന്നിനെ വിശേഷിപ്പിക്കാന്‍ നിരവധി വിശേഷണങ്ങളുണ്ട്. പക്ഷേ സുസ്മിതക്കിഷ്ടം രണ്ടു പെണ്‍മക്കളുടെ അമ്മ എന്നറിയപ്പെടാനാണ്. ഇത്തവണത്തെ ദുര്‍ഗാപൂജക്ക് സുസ്മിതയെത്തിയത് തന്നോളം വളര്‍ന്ന പെണ്‍മക്കളുമായാണ്. 

തന്റെ പെണ്‍മക്കളെ  അനുഗ്രഹമായിക്കാണുന്ന സുഷ് മക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പലപ്പോഴും പങ്കുവക്കാറുള്ളതാണ്. അവധിക്കാലത്ത് മക്കള്‍ക്കൊപ്പം നടത്തിയ സ്‌കൂബാ ഡൈവിംഗ് മകള്‍ റെനിക്കെഴുതിയ കത്ത് തുടങ്ങി സുഷ്  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങളില്‍ ചിലതെല്ലാം വലിയ വാര്‍ത്തയുമായിരുന്നു. 

മാസങ്ങള്‍ക്ക് മുമ്പാണ് 2013-ല്‍ സുഷ് മകള്‍ റെനിക്കെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ദൈവത്തിന്റെ മികച്ച രൂപകല്പനയായി അമ്മയുടെ ഹൃദയത്തില്‍ നിന്ന് ജന്മം കൊണ്ടവളാണ് മകളെന്ന് എഴുതിയ കത്ത് സുഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

Susmitha

മകള്‍ അവളുടെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഒരമ്മയുടെ വാത്സല്യത്തോടെ എഴുതിത്തീര്‍ത്ത ആ കത്തില്‍ റെനിയുടെ അമ്മയാകാന്‍ കഴിഞ്ഞതിന് ഓരോ ദിനവും താന്‍ ദൈവത്തോട് നന്ദി പറയുകയാണെന്നും സുഷ് എഴുതിയിരുന്നു.