ബോര്‍ഡ് അധ്യക്ഷപദവിയിലേക്ക് വനിതയെ തിരഞ്ഞെടുത്ത് പ്രമുഖ അമേരിക്കന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്‌നി. 14 വര്‍ഷമായി കമ്പനിയുടെ ബോര്‍ഡ് അംഗമായ സൂസന്‍ ആര്‍നോള്‍ഡിനെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 98 വര്‍ഷം നീളുന്ന കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീയെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ നിലവിലെ ചെയര്‍മാനായ ബോബ് ഐഗര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് സൂസന്റെ നിയമനം. ആഗോള നിക്ഷേപക സ്ഥാപനമായ കാള്‍യ്‌ലെയുടെ എക്‌സിക്യുട്ടിവ് ആയും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഡിസ്‌നിയുടെ ബോര്‍ഡ് അധ്യക്ഷയായി ചുമതലയേല്‍ക്കുകയാണ്. ഷെയര്‍ഹോള്‍ഡര്‍മാരുടെ ദീര്‍ഘകാല താത്പര്യങ്ങള്‍ തുടരാനും സി.ഇ.ഒ. ബോബ് ചപെക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നു-സൂസന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മികച്ച പരിചയസമ്പത്തുള്ള, മാറ്റമില്ലാത്ത സമഗ്രതയുടെയും ഉടമയാണ് സൂസന്‍. 2007-ല്‍ കമ്പനിയുടെ ഭാഗമായ അന്നുമുതല്‍ വിലമതിക്കാനാകാത്ത സേവനമാണ് അവര്‍ നല്‍കുന്നത്-ഐഗര്‍ വ്യക്തമാക്കി. 

കാള്‍യ്‌ലെ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചതിനു പുറമെ കണ്‍സ്യൂമര്‍ ഗുഡ്‌സ് ഭീമനായ പ്രോക്ടര്‍ ആന്‍ഡ് ഗ്യാമ്പിളിലും ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍സിലും സൂസന്‍ സുപ്രധാനപദവികള്‍ കൈയാളിയിട്ടുണ്ട്. 

Content highlights: susan arnold will become chairperson of walt disney