തൃശ്ശൂർ: വധശിക്ഷ കാത്തുകഴിയുന്ന, സ്വതന്ത്ര ഭാരതത്തിലെ ആദ്യ സ്ത്രീയായ ശബ്നത്തിന് വേണ്ടി മലയാളിയായ പുഷ്പരാജ് സുപ്രീം കോടതിയിലേക്ക് അയച്ച കത്തിലെ ഒരു ചോദ്യമിതായിരുന്നു-പെറ്റമ്മയ്ക്ക് തുല്യമാകുേമാ പോറ്റച്ഛൻ? ഇതുൾപ്പെടെയുള്ള 20 ചോദ്യങ്ങളുന്നയിച്ച്, ശബ്നയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് സുപ്രീം കോടതി പൊതുതാത്‌പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചു.

കളിയിക്കാവിളയിലെ ഭിന്നശേഷിക്കാരനായ പുഷ്പരാജ് തോമസി(35)നും ബറേലി ജയിലിൽ കഴിയുന്ന ശബ്നത്തിനും തമ്മിൽ പരിചയം പോലുമില്ല. ബെംഗളൂരുവിെല നിംഹാൻസിൽ നിന്ന് സൈക്യാട്രി ഇൻ സോഷ്യൽ വർക്കിൽ എം.ഫിൽ പൂർത്തിയാക്കിയ പുഷ്പരാജ്, ശബ്നം കേസ് പൂർണമായി പഠിച്ചശേഷമാണ് വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ചത്.

കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിലാകുമ്പോൾ അവിവാഹിതയായ ശബ്നം ഏഴുമാസം ഗർഭിണിയായിരുന്നു. ആറുവയസ്സ് തികഞ്ഞപ്പോൾ കുഞ്ഞിനെ ദത്ത് നൽകുന്നതിനായി ശിശുക്ഷേമ സമിതി പത്രപ്പരസ്യം നൽകി. ശബ്നത്തിന്റെ സഹായം കൊണ്ട് പഠനം പൂർത്തിയാക്കിയ ഉസ്മാനാണ് കുഞ്ഞിനെ ദത്തെടുത്തത്. ഇപ്പോൾ കുഞ്ഞിന് സംരക്ഷണമുണ്ടെന്ന് വധശിക്ഷ വിധിക്കുമ്പോൾ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ കാര്യമാണ് പുഷ്പരാജ് ‘പെറ്റമ്മയ്ക്ക് തുല്യമാകുേമാ പോറ്റച്ഛൻ’ എന്ന ചോദ്യത്തിലൂടെ ഉന്നയിച്ചത്.

ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ശബ്നം ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻേകദിയിൽ അധ്യാപികയായിരുന്നു. ആറാം ക്ലാസ് തോറ്റ് കൂലിപ്പണിക്ക് പോകുന്ന സലീമുമായി പ്രണയത്തിലായി. ഇത് വീട്ടുകാർ എതിർത്തു. തുടർന്നാണ് പിതാവും മാതാവും സഹോദരങ്ങളും അവരുടെ കുട്ടികളും ഉൾപ്പെടെ ഏഴുപേരെ പാലിൽ ഉറക്കഗുളിക നൽകി മയക്കി കോടാലികൊണ്ട് വെട്ടിക്കൊന്നത്. 2008 ഏപ്രിൽ 14-ന് രാത്രിയായിരുന്നു സംഭവം. ഇതിന് കൂട്ടുനിന്ന സലീമിനെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

25-ാം വയസ്സിൽ ജയിലിലായ ശബ്നത്തിനിപ്പോൾ 38 വയസ്സുണ്ട്. ദയാഹർജി രാഷ്ട്രപതിയും തള്ളിയതോടെ മഥുര ജയിലിൽ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ എന്ന് വധശിക്ഷ നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. ഇതിനിടെയാണ് പുഷ്പരാജിന്റെ കത്ത് സുപ്രീം കോടതിയിലെത്തിയത്.