ഫാഷൻ ലോകത്തെ സൂപ്പർ മോഡലുകളിലൊരാളാണ് ലിൻ‍ഡ ഇവാഞ്ചെലിസ്റ്റ. മാ​ഗസിൻ കവറുകളിലും റാംപുകളിലും തിളങ്ങി നിന്ന താരം പക്ഷെ കുറച്ചുനാളായി വെള്ളിവെളിച്ചത്തിൽ നിന്നു വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് ലിൻ‍ഡ. സൗന്ദര്യം വർധിപ്പിക്കാൻ ചികിത്സ നടത്തിയതിന്റെ ഫലമായി തന്റെ മുഖവും ശരീരവും വിരൂപമായെന്നും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലേക്ക് മാറ്റിയെന്നും ലിൻഡ വ്യക്തമാക്കി.

സാമൂഹിക മാധ്യമത്തിലാണ് ലിൻഡ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇനിയൊരു മാറ്റം സാധ്യമാവാത്ത വിധം തന്റെ ശരീരം വികൃതമായെന്നു പറഞ്ഞാണ്  ലിൻ‍ഡ പത്രക്കുറിപ്പ് പുറത്തിറക്കിയത്. അഞ്ചുവർഷം മുമ്പ് ചെയ്ത കോസ്മെറ്റിക് ചികിത്സ ജീവിതം തകർത്തുവെന്നു പറയുകയാണ് ലിൻഡ. എന്തായിരുന്നോ ചികിത്സയിലൂടെ തനിക്ക് വാ​ഗ്ദാനം ചെയ്തിരുന്നത് അതിന്റെ നേരെ വിപരീതമായി സംഭവിച്ചുവെന്നാണ് അമ്പത്തിയാറുകാരിയായ ലിൻ‍ഡ പറയുന്നത്. 

കൂൾസ്കൾപ്റ്റിങ് എന്ന ചികിത്സയ്ക്കാണ് താൻ വിധേയയായത്. ശസ്ത്രക്രിയയില്ലാതെ ശരീരത്തിന്റെ ആകൃതി തിരിച്ചെടുക്കുന്ന രീതിയാണിത്. ശരീരത്തിന്റെ പല ഭാ​ഗങ്ങളിലായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കലാണ് ചികിത്സയുടെ ലക്ഷ്യം. എന്നാൽ തന്റെ കാര്യത്തിൽ കൊഴുപ്പ് കുറയുന്നതിനു പകരം അടിയുകയാണ് ഉണ്ടായതെന്ന് ലിൻ‍ഡ പറയുന്നു. തുടർന്ന് ഇവ ശരിയാക്കിയെടുക്കാൻ രണ്ട് വേദനാജനകമായ ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നും ലിൻ‍ഡ പറയുന്നു. 

തൽഫലമായി താൻ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തിയെന്നും ആത്മവിശ്വാസം നഷ്ടമായെന്നും ലിൻഡ പറയുന്നു. ഏകാകിയായ ജീവിതമാണ് നയിക്കുന്നതെന്നും അഞ്ചുവർഷം നിശബ്ദമായിരുന്നതിനു പിന്നാലെ നിയമ പോരാട്ടത്തിന് മുതിരുകയാണെന്നും ലിൻ‍ഡ വ്യക്തമാക്കി. ഇതുപോലെ തുടർന്നും ജീവിതം തള്ളിനീക്കാനാവില്ല. തലയയുർത്തിപ്പിടിച്ചു തന്നെ വാതിലിനപ്പുറം കടക്കണം. അതിനാണ് ഇനിയുള്ള ജീവിതമെന്നും ലിൻ‍ഡ പറഞ്ഞു. 

നിരവധി പേരാണ് ലിൻഡയ്ക്ക് പിന്തുണയർപ്പിച്ച് രം​ഗത്തെത്തിയത്. ലിൻഡയുടെ കരുത്തിനും ധീരതയ്ക്കും അഭിനന്ദനം എന്ന് പ്രശസ്ത ഡിസൈനർ മാർക് ജേക്കബ്സ് കുറിച്ചു. നീ ഇന്നും എന്നും സൂപ്പർ മോഡലായിരിക്കുമെന്ന് ഡിസൈനർ ജെറെമി സ്കോട് കുറിച്ചു. ഇക്കഴിഞ്ഞ അഞ്ചുവർഷം കടന്നുപോയ വേദനയെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നും ധൈര്യത്തോടെ തുറന്നുപറഞ്ഞതിന് അഭിനന്ദിക്കുന്നുവെന്നും സൂപ്പർ മോഡലും ലിൻഡയുടെ സമകാലീനയുമായ നവോമി കാംബെൽ കുറിച്ചു. 

Content Highlights: Supermodel Linda Evangelista Is "Disfigured" After Cosmetic Treatment Gone Wrong