കൊച്ചി: ''സമൂഹം നമുക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തുതരുന്നു. ആ സമൂഹത്തിന് ഒരാവശ്യം വരുമ്പോള്‍ നാം മുന്നിട്ടിറങ്ങണം, അതൊരു കമ്മ്യൂണിസ്റ്റിന്റെ കടമയാണ്'' - നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് ഓടിക്കുന്ന എ.ആര്‍. സുനിത പറയുന്നു.

ഓട്ടോ ആംബുലന്‍സ് എന്ന ആശയത്തോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നെങ്കിലും ഡ്രൈവറാകാന്‍ പലരും മടിച്ചു. കുടുംബത്തെ ഓര്‍ത്തും രോഗത്തെ ഭയന്നും പലരും ഒഴിഞ്ഞുമാറി. എന്നാല്‍ ഈ 42-കാരി മുന്നിട്ടിറങ്ങി. മറ്റു തൊഴിലാളികള്‍ക്കു മാതൃകയായി.

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്ക് ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്തിക്കുകയുമാണ് ഓട്ടോ ആംബുലന്‍സുകള്‍. ഈ ജോലിയോടു സുനിതയുടെ വീട്ടില്‍ നേരിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ തന്റെ ഉത്തരവാദിത്വത്തെപ്പറ്റി വീട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ എതിര്‍പ്പില്ലാതായി.

24 മണിക്കൂറും സന്നദ്ധയാണ് സുനിത. തന്റെ 'സഖാവ്' ഓട്ടോയില്‍ പി.പി.ഇ. വസ്ത്രമണിഞ്ഞ് സുനിതയെത്തും. സുനിതയെപ്പോലെ 18 ഡ്രൈവര്‍മാര്‍ പ്രത്യേക പരിശീലനം കൈവരിച്ച് നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് ഓടിക്കുന്നുണ്ട്.

ഓട്ടോയിലുള്ള ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില നോക്കും. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവും. ഓക്‌സിജന്‍ ആവശ്യമാണെങ്കില്‍ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ക്യാബിനുകള്‍ ഉപയോഗിക്കും.

അടിയന്തര വൈദ്യസഹായം വേണ്ട രോഗിയാണ്, ഓട്ടോയില്‍ ഇരുത്തി കൊണ്ടുപോകാവുന്ന സ്ഥിതിയാണെങ്കില്‍ അവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കും. അല്ലെങ്കില്‍ ആംബുലന്‍സിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും.

കോവിഡ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ഓട്ടോ ആംബുലന്‍സിലെ ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം. രാവിലെ ഓട്ടോയുമായി അവിടെ ചെല്ലണം. ഭക്ഷണവും മറ്റും അവിടെത്തന്നെ. രാത്രി വീട്ടിലേക്കു മടങ്ങാം. ഓട്ടോ ആംബുലന്‍സ് ഓടിക്കുന്നതിനാല്‍ മറ്റു സവാരികള്‍ക്കു പോകാന്‍ കഴിയില്ല.

ഒമ്പതുവര്‍ഷമായി ഓട്ടോ ഓടിച്ചാണ് സുനിത കുടുംബം നോക്കുന്നത്. അച്ഛന്റെ മരണ ശേഷമാണ് ഈ തൊഴിലിനിറങ്ങിയത്. അമ്മയും രണ്ടു സഹോദരന്മാരുമുണ്ട്.

കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് സ്റ്റാന്‍ഡിലാണ് ഓടുന്നത്. ഇവിടെ ഓട്ടോറിക്ഷത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയുമാണ് സുനിത. കൂടെ വൈറ്റില സി.ഐ.ടി.യു. ഏരിയ കമ്മിറ്റി അംഗം, സി.പി.എം. കടവന്ത്ര ലോക്കല്‍ കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വങ്ങളും വഹിക്കുന്നുണ്ട്.

Content Highlights: Sunitha Auto ambulance driver from Kochi