കൊച്ചി: കണക്കിനോടും റുബിക്സ് ക്യൂബിനോടും കൂട്ടുകൂടിയ സുമിഷയ്ക്കും ഫോട്ടോഗ്രഫിയോടും പരിസ്ഥിതിയോടും കൂട്ടുകൂടിയ ആന്‍ലിനയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് ജില്ലയില്‍ നിന്നും ഇരുവരും അര്‍ഹരായത്. 12-നും 18-നും ഇടയില്‍ പ്രായമുള്ളവരിലാണ് സുമിഷയ്ക്ക് പുരസ്‌കാരം. ആറിനും 11-നും ഇടയിലുള്ളവരിലാണ് ആന്‍ലിനയ്ക്ക് പുരസ്‌കാരം.

വേദഗണിതത്തിലെ സൂത്രങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയ പതിമൂന്നുകാരി സുമിഷ എസ്. പൈ, രണ്ടായിരത്തോളം സബ്സ്‌ക്രൈബേഴ്സിനെ ചാനലിലൂടെ സ്വന്തമാക്കിക്കഴിഞ്ഞു. 'ലേണ്‍ വിത്ത് സുമിഷ' എന്ന യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവരെ രസകരമായ രീതിയില്‍ കണക്കിന്റെ കളികള്‍ പഠിപ്പിക്കുകയാണ് ഈ എട്ടാം ക്ലാസുകാരി. വേദിക് മാത്സ്, മെന്റല്‍ മാത്സ്, റുബിക്സ് ക്യൂബിലെ പ്രകടനം, യോഗ എന്നിവയിലെ സുമിഷയുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. യോഗ ജില്ലാ ചാമ്പ്യനുമായിരുന്നു സുമിഷ. എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ഥിയാണ്. എളമക്കര, പേരണ്ടൂര്‍ പട്ടത്തുപറമ്പില്‍ ലെയ്‌നില്‍ രത്നഗൃഹയില്‍ ബിസിനസ്സുകാരനായ ആര്‍.ജി. സുരേഷ് ബാബുവിന്റെയും മേഘനയുടെയും മകളാണ്.

മലിനമാകുന്ന പുഴയുടെ ചിത്രങ്ങള്‍ പകര്‍ത്തി എറണാകുളം ദര്‍ബാര്‍ഹാളില്‍ സ്വന്തം നിലയില്‍ ഫോട്ടോപ്രദര്‍ശനം നടത്തിയ നാലാം ക്ലാസുകാരിയാണ് ആന്‍ലിന അജു. വീടിനടുത്തുള്ള പുഴയില്‍ മാലിന്യങ്ങള്‍ നിറയുന്നതുകണ്ടാണ് ആന്‍ലിന പടങ്ങളെടുത്തു തുടങ്ങിയത്.

ഈ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലേക്ക് കൊണ്ടുവന്നതും. ഫോട്ടോഗ്രഫി, സംഗീതം, നൃത്തം, യോഗ എന്നീ മേഖലകളിലെ ആന്‍ലിനയുടെ മികവിനാണ് പുരസ്‌കാരം.

കരാട്ടേയിലും ആന്‍ലിന മികവ് തെളിയിച്ചിട്ടുണ്ട്. കൊച്ചി നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. എരൂര്‍ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിന് സമീപം ലേബര്‍ റോഡില്‍ വടക്കേപ്പുറത്ത് വീട്ടില്‍ നാവികസേന ലെഫ്റ്റനന്റ് കമാന്‍ഡറായ അജു പോളിന്റെയും അധ്യാപികയായ ആന്‍മേരി ജെയിംസിന്റെയും മകളാണ്.

Content highlights: sumisha and anlina got ujjawala balayam award