''പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വീട്ടമ്മ ഇങ്ങനെ എഴുതുകയോ, ലോകം അറിയേണ്ട കാര്യമാണിത്. ദൈവകാരുണ്യം കാണാന്‍ ടിക്കറ്റെടുക്കേണ്ടതില്ലല്ലോ?''-എഴുത്തുകാരന് സി. രാധാകൃഷ്ണന് കുറിച്ചതാണിത്. കൊച്ചിക്കാരിയായ സുല്‍ഫത്ത് എന്ന വീട്ടമ്മയുടെ കവിതകള്‍ കണ്ടാണ് അദ്ദേഹം അദ്ഭുതപ്പെട്ടത്. സുല്‍ഫത്തിന്റെ കവിത വായിച്ച്, അതേ കടലാസില്‍ത്തന്നെ അദ്ദേഹം എഴുതി.
സുല്‍ഫത്ത് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. അടുക്കളയില്‍ കറിക്കരിയുമ്പോഴും പാത്രം കഴുകുമ്പോഴുമൊക്കെ മനസ്സിലേക്ക് ഓടിയെത്തും വരികള്‍. ഉടനെ അവ കുറിച്ചുവയ്ക്കും. രാത്രിയാകുമ്പോള്‍, വരികള്‍ കൂട്ടിയിണക്കും. അങ്ങനെ നൂറുകണക്കിനു കവിതകള്‍ എഴുതിക്കൂട്ടി. രണ്ടു പുസ്തകങ്ങള്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച മൂന്നാമത്തെ കവിതാ പുസ്തകവും പുറത്തിറങ്ങും.കുട്ടിക്കാലത്തുതന്നെ സുല്‍ഫത്തിന് കവിതയോടു കമ്പമുണ്ട്. അക്കാലത്ത് കുറച്ചു സമ്മാനങ്ങളും കിട്ടി. പക്ഷേ, പിന്നീട് ജീവിതം കഷ്ടപ്പാടുകളുടേതായി. മക്കളെ വളര്‍ത്തിയെടുക്കാന്‍ ഒരുപാടു വിഷമിച്ചു. സങ്കടങ്ങള്‍ സുല്‍ഫത്ത് കുറിച്ചിട്ടു. തീമഴയായി പെയ്തിറങ്ങിയ ദുരിതജീവിതം സുല്‍ഫത്ത് കവിതയാക്കി സൂക്ഷിച്ചുവെച്ചു.
മക്കള്‍ വളര്‍ന്നു. കഷ്ടപ്പാടുകളുടെ കാലം പതിയെ മാറ്റിയപ്പോള്‍ കവിതയെഴുതാന്‍ സുല്‍ഫത്തിനു കൂടുതല്‍ സമയം കിട്ടി. തൊള്ളായിരത്തിലേറെ കവിതകള്‍ നോട്ടുബുക്കുകളില്‍ എഴുതി വെച്ചിട്ടുണ്ട്. നഷ്ടപ്പെട്ടുപോയത് അതിനെക്കാള്‍ അധികമാണെന്ന് സുല്‍ഫത്ത് പറയുന്നു. ഇതുകൂടാതെ നൂറോളം മാപ്പിളപ്പാട്ടുകള്‍. ഇരുപതോളം ചെറുകഥകള്‍... അങ്ങനെ പോകുന്നു രചനകള്‍.
ഇതിനിടെ പ്രണയവും വിരഹവും ഇഴചേരുന്ന നൂറോളം ഗസലുകളും അവരെഴുതി. ഈ ഗസലുകള്‍ അവര്‍തന്നെ ഈണത്തില്‍ മൂളും.
ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശിനിയാണ് സുല്‍ഫത്ത്. പത്താം ക്ലാസ് വരെ പഠിച്ചു. വായന പിന്നെയും തുടര്‍ന്നു. അതുകൊണ്ട് വാക്കുകള്‍ക്കു പഞ്ഞമില്ല. വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ സുല്‍ഫത്ത് ഇപ്പോള്‍ കവിതയെഴുത്തുകാരി എന്ന നിലയിലാണ് അറിയപ്പെടുന്നത്. നാട്ടിലെ സാംസ്കാരിക യോഗങ്ങളിലേക്ക് സുല്‍ഫത്തിനെ ക്ഷണിക്കുന്നു. കൊച്ചിയുടെ കവയിത്രിയായി മാറുകയാണ് ഈ വീട്ടമ്മ.
സുല്‍ഫത്തിന്റെ 'ഇലത്തുമ്പിലെ മഞ്ഞുതുള്ളി' എന്ന കവിതാ സമാഹാരം ചൊവ്വാഴ്ച പുറത്തിറങ്ങും.
മൂന്നു പുസ്തകങ്ങളിലായി 282 കവിതകള്‍ ഇപ്പോള്‍ വെളിച്ചം കണ്ടു.
Content Highllights: Sulfath a woman poet from Kochi, Woman, Poet