സാനിറ്ററി വേസ്റ്റുകള്‍ വലിയൊരു ഭീക്ഷണിയാണ്. എന്നാല്‍ ഇതിന് പരിഹാരവുമായി സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡ് ഉണ്ടാക്കിയിരിക്കുകയാണ് തെലങ്കാന യദാദ്രി ഭുവനഗിരി ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍.

ജില്ലാ പരിഷത് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് കുളവാഴ, ഉലുവ, മഞ്ഞള്‍, വേപ്പില, തുളസി വിത്ത് എന്നിവ ചേര്‍ത്ത് സ്ട്രീറ്റ് രക്ഷാ എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ചത്.

'വിപണിയില്‍ ലഭിക്കുന്ന പാഡുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നത് എളുപ്പമല്ല. അതിന് പകരമാണ് ജൈവവസ്തുക്കള്‍ കൊണ്ട് ഞങ്ങള്‍ പാഡുകള്‍ നിര്‍മിച്ചത്. സാനിറ്ററി മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറെയാണ്. മാത്രമല്ല വിപണിയില്‍ നിന്ന് ലഭിക്കുന്ന പാഡുകളില്‍ ഉപയോഗിച്ചിരിക്കുന്ന പെട്രോളിയം ജെല്ലി അടക്കമുള്ളവ ആരോഗ്യത്തിനും ഹാനികരമാണ്.' സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്വാതി എ.എന്‍.ഐയോട് പറയുന്നു. 

സ്ട്രീറ്റ് രക്ഷാ പാഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നും സ്വാതി വിശദീകരിച്ചു. 'കുളവാഴയും വേപ്പിലയും മഞ്ഞളും ഉലുവയും മിക്‌സ് ചെയ്ത് അരച്ച്  പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് ഒരു ബോര്‍ഡില്‍ വച്ച് ഉണക്കി എടുക്കുന്നു. ശേഷം ഇവ സാനിറ്ററി പാഡിന്റെ വലുപ്പത്തില്‍ മുറിച്ചെടുത്ത് മുകളില്‍ തുളസി വിത്ത് വിതറും. ബീവാക്‌സ് ഉപയോഗിച്ച് കോട്ടണ്‍സ്‌ട്രൈപ്‌സിനുള്ളില്‍ ഈ ബോര്‍ഡ് സീല്‍ ചെയ്യും.' 

ഗ്രാമീണ മേഖലയിലെ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും സാനിറ്ററി പാഡുകളൊന്നും വാങ്ങാന്‍ കഴിയാറില്ല. പരമ്പരാഗതമാര്‍ഗങ്ങളായ തുണിയും മറ്റും പലതരം രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുകയും ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ ഈ സ്ട്രീറ്റ് രക്ഷാ പാഡുകള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.' അധ്യാപികയായ കല്യാണി വിദ്യാര്‍ത്ഥികളുടെ ഈ കണ്ടുപിടുത്തത്തെ പറ്റി പറയുന്നത് ഇങ്ങനെ. 

Content Highlights: Students of govt school in Telangana make zero waste sanitary napkins