ലിസിപ്രിയ കന്‍ഗുജം എന്ന എട്ടുവയസ്സുകാരിയെ 'ഇന്ത്യയുടെ ഗ്രെറ്റ ത്യുന്‍ബെ' എന്നാണ് മാധ്യമങ്ങള്‍ പേരിട്ടുവിളിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്കുനേരെ കണ്ണുതുറക്കാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ പേരിലാണ് ഇരുവരും പ്രശസ്തരായത്. എന്നാല്‍, ഇനി തന്നെ ഇന്ത്യന്‍ ഗ്രെറ്റയെന്ന് വിളിക്കേണ്ടെന്നാണ് ലിസിപ്രിയയുടെ നിര്‍ദേശം.

കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തകയായ സ്വീഡിഷുകാരി ഗ്രെറ്റ ത്യുന്‍ബെയോട് തന്നെ താരതമ്യപ്പെടുത്തുന്നതിനോട് താത്പര്യമില്ലെന്നും തങ്ങളിരുവരും പ്രവര്‍ത്തിക്കുന്നത് ഒരേ ലക്ഷ്യത്തിനുവേണ്ടിയാണെങ്കിലും ഇരുവര്‍ക്കും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നുമാണ് ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചത്.

ഗ്രെറ്റയ്ക്കും മുമ്പേ 2018 ജൂലായില്‍ താന്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വ്യതിയാനം തടയാന്‍ നിയമം പാസാക്കണമെന്ന പ്ലക്കാര്‍ഡുമായി പാര്‍ലമെന്റിനു മുമ്പില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ അവകാശപ്പെട്ടു.

'ജൂലായ് നാല് 2018ല്‍ മംഗോളിയയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പരിപാടിയില്‍ ലോകനേതാക്കളോട് സംസാരിച്ചാണ് ഞാന്‍ കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ഇതേത്തുടര്‍ന്ന് ബച്ച്പന്‍ ആന്ദോളന്‍ എന്ന മുന്നേറ്റവും ആരംഭിച്ചു. എല്ലാ ആഴ്ചകളിലും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ വേണ്ടി ഏഴാം വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണ് ഞാന്‍. ഇത്ര ചെറിയ പ്രായത്തില്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചിട്ടും ഇന്ത്യയുടെ ഗ്രെറ്റയെന്ന് തന്നെ വിളിക്കുന്നതു തെറ്റാണ്' ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ഗ്രെറ്റയെന്ന് തുടര്‍ന്നും വിളിക്കുന്നതിലൂടെ നിങ്ങള്‍ എന്റെ കഥ പറയാതിരിക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമങ്ങളെ ലക്ഷ്യംവെച്ചുള്ള ട്വീറ്റുകളിലൂടെ ലിസിപ്രിയ പറഞ്ഞു. ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ലിസിയുടെ തീരുമാനത്തെ പിന്തുണച്ചും അഭിനന്ദിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: stop calling me Greta of India says Licypriya Kangujam