കോഴിക്കോട്: ‘‘കഴിഞ്ഞ രണ്ടുവർഷമായിട്ട് ഈ രുചിപ്പുര പൂട്ടാറേ ഇല്ല. കോവിഡ് കാലത്ത് ഒരുപാടുപേർക്ക് അന്നമേകാൻ കഴിഞ്ഞു. അതുതന്നെയാണ് വലിയ കാര്യം’’. കുടുംബശ്രീ-പി.എം. യുവയുടെ സംസ്ഥാനതല അംഗീകാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് രാജാജി റോഡിലെ രുചിപ്പുരയെ നയിക്കുന്ന പി. സിബിജ. പ്രധാനമന്ത്രി യുവയോജന പദ്ധതിയിൽ മികച്ച സംരംഭകയ്ക്കുള്ള ഒന്നാംസ്ഥാനമാണ് (സ്കെയിൽ അപ് വിഭാഗം) സിബിജയെ തേടിയെത്തിയത്. 2014 മുതൽ രുചിപ്പുര റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. കോവിഡ്കാലത്ത് മുഴുവൻ കാറ്ററിങ് സർവീസ് ആണ്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌സെന്ററിലേക്കുൾപ്പെടെ ഭക്ഷണം എത്തിച്ചു.

മീൻവിഭവങ്ങൾക്ക് വേണ്ടിമാത്രം പ്രത്യേക ഇടവും ഒരുക്കി. 20 രൂപയ്ക്ക് ഊൺ നൽകുന്ന കുടുംബശ്രീ ജനകീയഹോട്ടലുകളിൽ മുൻപന്തിയിലാണ് രുചിപ്പുര. ഓഗസ്റ്റിൽമാത്രം 24,518 ഊൺ നൽകി. ദിവസം ശരാശരി 817. പലർക്കും ജോലിനഷ്ടമായ കോവിഡ് കാലത്ത് മികച്ചസേവനത്തിലൂടെ സ്ത്രീകൾക്ക് തൊഴിലേകാനും കഴിഞ്ഞു.

കുറ്റിയിൽത്താഴം സ്വദേശിയാണ് സിബിജ. റീന, രാധിക, ആയിഷ, സുഹറ എന്നിവരാണ് ഒപ്പമുള്ളത്. മുപ്പതോളം സ്ത്രീകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഷാർജ ഫെസ്റ്റിവലിലും സരസ്സ് മേളയിലുമെല്ലാം പങ്കെടുത്തിട്ടുണ്ട്. കുടുംബശ്രീമിഷന്റെ എല്ലാ തട്ടിൽനിന്നുമുള്ള പിന്തുണയാണ് മികച്ചരീതിയിൽ പ്രവർത്തിക്കാൻ സഹായിച്ചതെന്നാണ് ഇവർ പറയുന്നത്. വിവിധമേഖലകളിൽ വേലൈൻ പി.എം.കെ.വി.വൈ. സെന്റർ, ബയോവേസ്റ്റ് മാനേജ്‌മെന്റ് രംഗത്തുള്ള പി.കെ. ബിദുൻ, വി.കെ. മുഹമ്മദ് യാസിർ, പി.കെ. മുഹമ്മദ് അഷ്‌റഫ്, അബ്ദുൾബാസിത്, വി.കെ. ഇർഷാദ് എന്നിവർ അംഗീകാരം നേടി.

Content Highlights: state award for ruchipura sibija