കൊച്ചി: പ്ലാസ്റ്റിക്കിനോടാണ് ഹർഷയുടെ പോരാട്ടം. പ്രകൃതിയോടിണങ്ങി നിൽക്കുന്നവ പ്ലാസ്റ്റിക്കിനു പകരമായി ചേർത്തുെവച്ച് ഹർഷയുടെ ഐറാലൂം എന്ന സ്റ്റാർട്ടപ്പ് വിജയകരമായി മുന്നേറുകയാണ്.

നാലുവർഷത്തോളം ഐ.ടി.യായിരുന്നു ഹർഷ പുതുശ്ശേരിയുടെ പ്രവർത്തന മേഖല. സ്‌ക്രാപ് പെയിന്റിങ്ങിന് 2016-ൽ ലഭിച്ച ദേശീയ പുരസ്കാരമാണ്‌ വഴിത്തിരിവായത്. പെൻസിൽ മൂർച്ച കൂട്ടുമ്പോഴുള്ള അവശിഷ്ടങ്ങളിൽനിന്നാണ് അന്ന് രണ്ടുമീറ്റർ നീളമുള്ള പെയിന്റിങ് ഒരുക്കിയത്. ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം നേടി.

മൂന്നു വർഷത്തിനു ശേഷം 2019-ലാണ് ഐറാലൂം സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. പരിസ്ഥിതിക്കൊപ്പം എന്ന മുദ്രാവാക്യമാണ് ഐറാലൂം മുന്നോട്ടുവയ്ക്കുന്നത്. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഐറാലൂം. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ വിമെൻ ഇൻക്യുബേഷൻ, സ്റ്റാർട്ടപ്‌സ് ആൻഡ് എന്റർപ്രണർഷിപ്പ് പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്.

ചണം, മുള, കടലാസ്, കോട്ടൺ, ചിരട്ട എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങളാണ് ഐറാലൂം അവതരിപ്പിക്കുന്നത്. കരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും തുടങ്ങി ഓഫീസ് ആവശ്യത്തിനുള്ള ഉത്പന്നങ്ങൾ വരെ ഇവിടെ ലഭിക്കും. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ഐറാലൂമിന് ഓഫീസുണ്ട്. തിരുവനന്തപുരത്ത് താമസിയാതെ ഓഫീസ് തുടങ്ങും.

ബാംബൂ കോർപ്പറേഷനുമായി ചേർന്ന് അടുത്തിടെ സ്ത്രീകൾക്കായി ഒരു പരിശീലന കളരി സംഘടിപ്പിച്ചിരുന്നു. വടാട്ടുപാറയിൽ ഞായറാഴ്ചയാണ് പരിശീലനം നടന്നത്. നെയ്ത്തുത്‌പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനത്തിൽ 50 സ്ത്രീകളാണ് പങ്കെടുത്തത്. കരകൗശല മേഖലയിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകളും ഐറാലൂമിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്നുണ്ട്. ഐറാലൂമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹർഷ.

Content Highlights: start up, iraaloom, eco friendly products, nature friendly, woman entrepreneur