കോട്ടയം: തലയോലപ്പറമ്പ് പുതുശ്ശേരിൽ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവർ നവംബർ 29-ന് രണ്ട് കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ ചില സമാനതകളുടെ തുടർച്ചകണ്ട് ഡോക്ടർമാർപോലും അദ്‌ഭുതപ്പെട്ടു. രണ്ടുപേരും അന്ന് ഓരോ പെൺകുഞ്ഞുങ്ങൾക്കാണ് ജൻമം നൽകിയത്. അതും മണിക്കൂറുകളുടെമാത്രം വ്യത്യാസത്തിൽ. മറ്റൊരു സമാനതകൂടിയുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അതേ കാരിത്താസ് ആശുപത്രിയിലാണ് ആ ‘അമ്മമാ’രും ജനിച്ചത്.

1995 ഒക്ടോബർ 11-ന് കോട്ടയം കാരിത്താസിൽ ചന്ദ്രശേഖരൻനായരുടേയും അംബിക ദേവികയുടേയും കൺമണികളായി ഈ ലോകത്തെത്തിയ ‘ഇരട്ടകൾ’ എല്ലാക്കാര്യത്തിലും ഒന്നിച്ചായായിരുന്നു. പഠനം ഒരുമിച്ച്.

പാസായത് ബി.കോം. വിത്ത് സി.എ. ഇൻറർ പഠനം പൂർത്തിയാക്കിയ ഇരുവരുടേയും വിവാഹം ഒരേ ദിനം. 2020 ഡിസംബർ 11-ന്.

പരിശോധനയിൽ ആദ്യം ‘വിശേഷ’മുണ്ടെന്ന് അറിഞ്ഞത് ഒരു മിനിറ്റിന്റെ പ്രായം കൂടുതലുള്ള ശ്രീപ്രിയയാണ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ പരിശോധനയും പോസിറ്റീവായി. അപ്പോഴേ തീരുമാനമെടുത്തു. പ്രസവവും ഒരേയിടത്ത് മതിയെന്ന്.

ശ്രീപ്രിയ ഉച്ചയ്ക്ക് 2.20-ന് പെൺകുഞ്ഞിന് ജന്മം നൽകി. ശ്രീലക്ഷ്മിയ്ക്ക് സന്ധ്യാനേരം 6.43-നും കുഞ്ഞ് ജനിച്ചു. അമ്മമാരെപ്പോലെ രണ്ട് മക്കളുടേയും രക്തഗ്രൂപ്പും ഒന്ന്. ‘ഒ പോസിറ്റീവ്’. പ്രസവനേരം പലതരം അദ്‌ഭുതങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമെന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. റെജി ദിവാകർ പറയുന്നു.‘അതും നോർമൽ പ്രസവം’’ഡോക്ടർ പറയുന്നു

‘‘എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങൾക്കും അറിയില്ല. ചിലപ്പോൾ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം. ഞങ്ങൾ വളർന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ.’-തലയോലപ്പറമ്പിലെ വീട്ടിൽ പ്രസവശുശ്രൂഷയിലായ ശ്രീലക്ഷ്മിയും ശ്രീപ്രിയയും പറയുന്നു.

പട്ടാളത്തിലായിരുന്ന ഇവരുടെ അച്ഛൻ ചന്ദ്രശേഖരൻനായർ അഞ്ചുവർഷം മുന്പ് മരിച്ചു. അമ്മ മലപ്പുറം എ.യു.പി.എസ്. സ്കൂൾ അധ്യാപികയായിരുന്നു. അതുകൊണ്ട് ഇവർ പഠിച്ചതും അവിടെയാണ്. ഏക സഹോദരൻ ശ്രീകാന്ത് ചെെന്നെയിൽ ജോലി ചെയ്യുന്നു. മക്കളുടെ പേരിൽ സാമ്യമുണ്ടോയെന്ന കാര്യത്തിൽ മാത്രം തത്‌കാലം സസ്പെൻസ്. അതൊക്കെ ഇരുപത്തിയെട്ടിനല്ലേ വിളിക്കാൻ പറ്റൂവെന്ന് ന്യായം.

കോയമ്പത്തൂരിൽ പാർലെ–ജി കമ്പനിയിൽ മാനേജരായ കൊല്ലം കുടിക്കോട് ബിനുഭവനിൽ ബിനൂബ് ബി.പിള്ളയാണ് ശ്രീപ്രിയയുടെ ഭർത്താവ്. ശ്രീലക്ഷ്മിയുടെ ഭർത്താവ് തിരുവന്തപുരം പോത്തൻകോട് കൃഷ്ണാഞ്ജലിയിൽ ആകാശ്‌നാഥ് തിരുവനന്തപുരത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നു.

Content Highlights: sreepriya sreelakshmi twins, twin sisters deliver babies same day