കോഴിക്കോട്: അനാഥാലയത്തിന്റെ പടവുകളിൽനിന്ന് ശ്രീലത എന്ന പെൺകുട്ടി നടന്നുകയറാൻ പോകുന്നത് ഗവണ്മെന്റ് ജോലിയെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക്. തനിക്ക് താഴെയുള്ള രണ്ട് അനിയത്തിമാർക്ക് താങ്ങാവുകയെന്ന ശ്രീലതയുടെ സ്വപ്നത്തിലേക്ക് ഇനി അധികം ദൂരമില്ല.

കോഴിക്കോട് മൂഴിക്കൽ ചെറുവറ്റയിലുള്ള സേവാഭാരതി ബാലികാസദനത്തിലെ അന്തേവാസികളാണ് കാസർകോട്‌ സ്വദേശികളായ ശ്രീലതയും സഹോദരിമാരും. അച്ഛൻ മധു മരണപ്പെട്ടതോടെയാണ് മുന്നാട് പറയംപള്ളം നർക്കല പട്ടികവർഗ കോളനിയിലെ ശ്രീലതയുടെയും സഹോദരിമാരുടെയും മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായത്. നിത്യരോഗിയായ അമ്മയെയും അനിയത്തിമാരെയും നോക്കാനായി ഒമ്പതാംക്ലാസിൽ പഠനം ഉപേക്ഷിച്ച് ശ്രീലത കൂലിപ്പണിക്കിറങ്ങി.

ഇതറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ ഇക്കാര്യം സേവാഭാരതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കോഴിക്കോട് സേവാഭാരതി പതിനഞ്ചുകാരിയായ ശ്രീലതയെയും ഏഴാം ക്ലാസുകാരിയായ അനിയത്തിയെയും ഏറ്റെടുത്തു. രോഗിയായ അമ്മയെയും ഏറ്റവും ഇളയ അനിയത്തിയെയുംകൂടി ഏറ്റെടുക്കാൻ സേവാഭാരതി തയ്യാറായെങ്കിലും രണ്ട് മക്കളുടെ ജീവിതംതന്നെ ഏറ്റെടുത്തതിൽ നന്ദിപറഞ്ഞ് സ്നേഹപൂർവം അവരത് നിരസിച്ചു. മാസങ്ങൾ പിന്നിടുംമുമ്പ്‌ അമ്മയും മരണത്തിന് കീഴടങ്ങി. അതോടെ ഇളയ അനിയത്തിയെയും ചേച്ചിമാരോടൊപ്പമാക്കി.

തീർത്തും അനാഥരായ ഇവരുടെ സ്വപ്നങ്ങൾ ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ കരിഞ്ഞുണങ്ങുമെന്ന് കരുതിയിടത്തുനിന്നാണ് ഉന്നതപഠനം, സ്വന്തമായൊരു ജോലി എന്നീ ലക്ഷ്യങ്ങൾ ഇവർ നേടിയെടുത്തത്. പ്ലസ് ടു പഠനത്തിനുശേഷം നടക്കാവ് ഗവ. ടി.ടി.ഐ.യിൽനിന്ന് ഡി.എൽ.എഡ്. കോഴ്‌സ് പൂർത്തിയാക്കിയപ്പോഴാണ് ശ്രീലതയെ തേടി ഗവണ്മെന്റ് ജോലിയെത്തുന്നത്.

വനിത-ശിശുവികസനവകുപ്പിനു കീഴിൽ കെയർ ടേക്കർ ഒഴിവിലേക്കുള്ള അവസാന അഭിമുഖവും പൂർത്തിയാക്കി. ജോലിക്ക് കയറാനുള്ള ദിവസമറിയിച്ചുകൊണ്ടുള്ള കത്ത് കാത്തിരിക്കുകയാണ് ശ്രീലത. അനിയത്തിമാരിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടാംവർഷ ജനറൽ നഴ്‌സിങ്‌ വിദ്യാർഥിനിയാണ്. ഇളയ അനിയത്തി പത്താം ക്ലാസ്‌ വിദ്യാർഥിനിയുമാണ്.

ജോലികിട്ടിയാൽ ചെയ്തുതീർക്കാൻവെച്ച ഒരുപാട് ആഗ്രഹങ്ങളുണ്ട് ശ്രീലതയ്ക്ക്. അതിലൊന്നാണ് സ്വന്തമായൊരു വീട്.

അനിയത്തിമാർക്കൊപ്പം അവരുടെ 'വലിയ' കുഞ്ഞേച്ചിയായി ആ വീട്ടിൽ താമസിക്കണം. അവർക്ക് തണലൊരുക്കാൻ ചിറക് വിരിക്കാൻ തയ്യാറാവുകയാണ് ശ്രീലത.

Content highlights: sreelatha will take care of her sisters sreelatha got government job