സോഹ അലിഖാന്‍ തിരക്കിലാണ്. വീട്ടില്‍ പുതുതായി എത്തിയ സുന്ദരിക്കുട്ടി ഇനിയ നൗമി മാത്രമല്ല അതിന് കാരണം. ആത്മകഥാംശമുള്ള ഓര്‍മക്കുറിപ്പുകളുടെ ഒരു പുസ്തകം തന്നെയാണ് സോഹ അലിഖാന്റെ രചനയില്‍ പുറത്തെത്തിയിരിക്കുന്നത്. എഴുത്തുകാരിയെന്ന പുതിയ റോള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് സോഹ.
' അച്ഛനെ കുറിച്ച്, എന്റെ കരിയറിനെ കുറിച്ച്, എനിക്കനുഭവപ്പെട്ട അരക്ഷിതാവസ്ഥകളെ കുറിച്ച് എന്റെ കിടക്കയില്‍ ഇരുന്നുകൊണ്ട് ഞാന്‍ എഴുതി. ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളും ആടാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. ആത്മകഥ എഴുതുന്നത് മുഖം മൂടികള്‍ വലിച്ചെറിയുന്നതിന് തുല്യമാണ്.' തന്റെ എഴുത്തനുഭവങ്ങളെ കുറിച്ച് സോഹ പറയുന്നു.
മേക്കപ്പിന്റെ ആവരണമില്ലാതെ ഞാനായിരിക്കുന്നതില്‍ ആസ്വാദ്യത കണ്ടെത്തിയവളാണ് ഞാന്‍. സോഹ മാത്രമായിരിക്കുന്നതിലും, എഴുത്തിലും ഞാന്‍ ആനന്ദം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ഇരുന്നെഴുതിയ രാത്രികള്‍ ഉണ്ട്. ഞാനെഴുതിയ പലതും ഞാന്‍ ഭര്‍ത്താവ് കുനാലിനെ കൊണ്ട് വായിപ്പിച്ചിട്ടുണ്ട്. അത് വായിച്ച് ഞാന്‍ സംസാരിക്കുന്നത് പോലെയുണ്ടെന്ന് ഒരിക്കല്‍ കുനാല്‍ പറഞ്ഞിരുന്നു. ഞാന്‍ വികാരം പ്രകടിപ്പിക്കുന്ന ഒരാളല്ല, ഫോണുകോളുകള്‍ക്ക് പോലും ഉത്തരം പറയാന്‍ എനിക്ക് മടിയാണ്. എനിക്ക് ടെക്സ്റ്റിങ്ങിനോടാണ് താല്പര്യം. സംസാരിക്കുന്നതിനേക്കാള്‍ എഴുത്തിലൂടെയാണ് എനിക്ക് വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നത്.'
എഴുതാന്‍ തുടങ്ങിയതിന് ശേഷമാണ് സോഹ ഗര്‍ഭിണിയാകുന്നത്. തുടര്‍ന്ന് ഒരുമാസത്തോളം അവര്‍ക്ക് എഴുതാന്‍ സാധിച്ചില്ല. പിന്നെ ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള എഴുത്തിലേക്ക് തിരിയുകയായിരുന്നു. അതും പുസ്തകത്തിന്റെ അവസാന ഭാഗത്തില്‍ വരുന്നുണ്ട്. സോഹയുടെ സഹോദരന്‍ സെയ്ഫ് അലിഖാനും ഭര്‍ത്താവ് കുനാലുമാണ് കൈപ്പട വായിച്ച് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തത് അത്രേ.
'ഈ പുസ്തകം എന്റെ കുടുംബത്തിനുള്ള ഒരു സമര്‍പ്പണമാണ്.' സോഹ പറയുന്നു.
Courtesy : Scroll