തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്ന അഗതികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്നേഹ സ്പര്‍ശം. തുടക്കത്തില്‍ പ്രതിമാസം 300 രൂപയായിരുന്ന ധനസഹായം 1,000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. നിലവിലെ ജീവിത സാഹചര്യത്തില്‍ അമ്മമാരെ സംബന്ധിച്ച് ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018ല്‍ ഈ സര്‍ക്കാര്‍ പ്രതിമാസ ധനസഹായം 1,000 രൂപയില്‍ നിന്നും 2,000 രൂപയാക്കി വര്‍ധിപ്പിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായി.

നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവരോ ആയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷ ഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ നിന്നും സാമൂഹ്യ സുരക്ഷാമിഷന്‍ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നല്‍കേണ്ടതാണ്.

Content highlights: Kerala Govt launch Snehasparsham Project for Unwed Mothers