കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത ഒരു മോഡലിനെ പരിചയപ്പെടുത്തുന്ന വീഡിയോ ആയിരുന്നു അത്. എന്നാല്‍ വെറും ഒരു മോഡലിനെയല്ല സകല പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രം വിജയം വരിച്ച നിഷ യാദവ് എന്ന ആ പെണ്‍കുട്ടിയാണ് ഇന്ന് ഇന്‍സ്റ്റഗ്രാമിലെ താരം.

രാജസ്ഥാനില്‍ നിന്നുള്ള നിഷ ഒരു നിയമജ്ഞ കൂടിയാണ്. ലാക്‌മെ ഫാഷന്‍ വീക്കില്‍, പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ച് ടെക്‌സ്റ്റൈല്‍ മന്ത്രാലയം ആവിഷ്കരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനെത്തിയപ്പോഴാണ് മന്ത്രി നിഷയെ പരിചയപ്പെടുന്നത്. കഠിനാധ്വാനത്തിലൂടെ നിഷ വിജയം വരിച്ച കഥയാണ് സ്മൃതി പങ്കുവച്ചത്.

'നിഷ ഒരു മോഡല്‍ മാത്രമല്ല, രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിയമം പഠിക്കുന്നയാള്‍ കൂടിയാണ്. ഡല്‍ഹിയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് നിഷ ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഇവിടെ കാണുന്ന നിരവധി മുഖങ്ങള്‍ക്കു പിറകിലും ഓരോ കഥകളുണ്ട്. നിങ്ങള്‍ അവരുടെ ഗ്ലാമറസ് വശം മാത്രമേ കാണുന്നുള്ളു. അവരും ധാരാളം കണ്ണീര്‍ ഒളിപ്പിച്ചു വെക്കുന്നുണ്ട്. '-സ്മൃതി പങ്കുവച്ചു.

സ്‌കൂളിലേക്ക് എന്നും ആറുകിലോ മീറ്റര്‍ നടന്നാണ് നിഷ പോയിരുന്നത്. ചെറിയ പ്രായത്തില്‍ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചതിന് നിഷയെ അച്ഛന്‍ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. നിഷയെ പിന്തുണച്ച സഹോദരിമാരെയും പുറത്താക്കി. എന്നാല്‍ ഇന്നു കാര്യങ്ങളെല്ലാം മാറിമറിഞ്ഞുവെന്നും അച്ഛന്‍ തങ്ങളെ അംഗീകരിച്ചുവെന്നും നിഷ പറയുന്നു. 

നിഷയുടെ നാലു സഹോദരിമാരും ഇന്ന് നല്ല നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരാള്‍ ഐഎഎസ് ഓഫീസറും രണ്ടാമത്തെയാള്‍ പോലീസിലും മൂന്നാമത്തെയാള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും നാലാമത്തെ സഹോദരി പ്രൊഫസറുമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Smriti Irani (@smritiiraniofficial) on

പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പ്രായപൂര്‍ത്തിയായി അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹം കഴിപ്പിക്കുക എന്നതാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതെന്ന് സ്മൃതി ഇറാനി പറയുന്നു. 

സ്മൃതി ഇറാനിക്ക് നന്ദി അറിയിച്ചു കൊണ്ട് നിഷയും കുറിക്കുകയുണ്ടായി. നേതാക്കള്‍ വലിയവരാവുന്നത് അവരുടെ അധികാരം കൊണ്ടല്ല മറിച്ച് മറ്റുള്ളവരെ ശാക്തീകരിക്കാനുള്ള കഴിവു കൊണ്ടാണെന്നും മന്ത്രിയുടെ പ്രചോദനത്തിന് ഒരുപാടു നന്ദിയുണ്ടെന്നും നിഷ കുറിച്ചു. 

Content Highlights: Smriti Irani Shares Rajasthani Model Nisha Yadav Story