കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന കാലമാണിത്. വലിയവരെപ്പോലെ തന്നെ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയ്ക്കും പ്രത്യേകം കരുതൽ കൊടുക്കേണ്ടതുണ്ട്. മഹാമാരിക്കാലത്ത് കുട്ടികളിൽ വിഷാദരോ​ഗം വർധിച്ചതുപോലുള്ള പഠനങ്ങൾ പുറത്തുവന്നതും അതിന്റെ പ്രസക്തി വർധിപ്പിക്കുന്നു. അതിനിടെ കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പങ്കുവെച്ച പോസ്റ്റ് വിമർശനം ഉയർത്തിയിരിക്കുകയാണ്. 

ഇൻസ്റ്റ​ഗ്രാമിൽ മന്ത്രി പങ്കുവെച്ച ഒരു പോസ്റ്റാണ് വിവാദമായത്. കുട്ടിയായിരുന്നപ്പോൾ അവർ എന്നെ ഒരിക്കലും ഒരു സൈക്കോളജിസ്റ്റിന് അരികിൽ കൊണ്ടുപോയില്ല. തന്നെ മെരുക്കാൻ പ്രാപ്തമായിരുന്നു അമ്മയുടെ ഒരൊറ്റ അടി എന്ന സ്മൃതിയുടെ പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. അമ്മ പങ്കുവെച്ച പോസ്റ്റാണ് ഇതെന്നും ഇതേപോലെ മറ്റാർക്കെങ്കിലും അനുഭവമുണ്ടോ എന്നും സ്മൃതി കുറിക്കുകയുണ്ടായി.

smriti

പോസ്റ്റിനു കീഴെ സ്മൃതിയെ അനുകൂലിച്ച് ചിലർ അനുഭവം പങ്കുവെച്ചു. അനുപം ഖേർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ അമ്മമാരും ഇപ്രകാരം ചെയ്യുമായിരുന്നു എന്നു കമന്റ് ചെയ്തു. ഇതുകൊണ്ടാണ് എൺപതുകളിലെയും തൊണ്ണൂറുകളിലെയും കുട്ടികൾ ഇന്നത്തെ കുട്ടികളേക്കാൾ മര്യാദയും അച്ചടക്കവും അറിയുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. ഇതിനെ അനുകൂലിക്കുന്നുവെന്ന് മറുപടിയായി സ്മൃതിയും കമന്റിട്ടു.

എന്നാൽ സാഹചര്യത്തിന്റെ ​ഗൗരവം തിരിച്ചറിയാതെ സ്മൃതി പങ്കുവെച്ച പോസ്റ്റാണെന്നു പറഞ്ഞ് വിമർശനങ്ങളും ഉയരുകയുണ്ടായി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സ്മൃതിയുടെ പോസ്റ്റ് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസികാവസ്ഥയും, ഒരു സൈക്കോളജിസ്റ്റ് എന്താണ് ചെയ്യുന്നതെന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചുമൊക്കെ അജ്ഞയാണോ കേന്ദ്രമന്ത്രി എന്ന് ചിലർ കമന്റ് ചെയ്തു. മാനസികാരോ​ഗ്യം എന്നത് ഇതുപോലെ തമാശയാക്കേണ്ട വിഷയമല്ലെന്ന് മന്ത്രിയെ ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കൂ എന്നും മര്യാദയുടെ പേരിലുള്ള ​ഗാർഹിക പീഡനത്തെ പിന്തുണയ്ക്കുകയാണ് സ്മൃതി എന്നും 2022ൽ എത്തുമ്പോഴും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശാസ്ത്രത്തെയും മാനസികാരോ​ഗ്യത്തെയും തള്ളുകയാണെന്നും പറഞ്ഞ് ചിലർ സ്മൃതിയുടെ പോസ്റ്റ് പങ്കുവെച്ചു. 

വിമർശനങ്ങൾ രൂക്ഷമായതോടെ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

കുട്ടികളെ മർദിച്ച് മര്യാദ പഠിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്ന കുടുംബങ്ങൾ ഇന്ത്യയിൽ ഇന്നുമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സർവേകൾ പുറത്തുവന്നിരുന്നു. 2020ൽ പുറത്തിറങ്ങിയ യൂണിസെഫിന്റെ റിപ്പോർട്ടിൽ ഇന്ത്യൻ രക്ഷിതാക്കൾ കുട്ടികളെ മാനികവും ശാരീരികവും വൈകാരികവുമായി ഉപദ്രവിക്കുന്ന വിധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. മാതാപിതാക്കളുടെ അതിക്രമങ്ങൾ കുട്ടികളുടെ ബുദ്ധിവികാസത്തിൽ വിപരീതഫലം ഉണ്ടാക്കുന്നതിനെക്കുറിച്ചും പഠനങ്ങൾ പുറത്തുവന്നിരുന്നു. 

Content Highlights: smriti irani posts about mothers slapping kids, child abuse, mental health, child abuse in india