'നൃത്ത സാമ്രാജിനി' സിതാര ദേവിക്ക് പതിനാറുവയസ്സുള്ളപ്പോഴാണ് രവീന്ദ്രനാഥ ടാഗോര്‍ സിതാരയെ ഇങ്ങനെ വിളിച്ചത്. ആറ് പതിറ്റാണ്ടുനീണ്ട കലാസപര്യയിലൂടെ 'കഥക് ഇതിഹാസ'മെന്നും 'കഥകിന്റെ രാജ്ഞി'യെന്നും പേരെടുത്ത നര്‍ത്തകിയാണ് സിതാരാദേവി. 

ലോകം കണ്ട കഥക് ഇതിഹാസത്തിന്റെ 97-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. 1920 നവംബര്‍ എട്ടിന് കല്‍ക്കത്തയിലെ ബ്രാഹ്മണകുടുംബത്തിലാണ് അവര്‍ ജനിച്ചത്. ധനലക്ഷ്മി എന്നായിരുന്നു ആദ്യപേര്. കഥക് നര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായ പിതാവ് സുഖ്‌ദേവ് മഹാരാജില്‍നിന്നാണ് നൃത്തപാഠങ്ങള്‍ അഭ്യസിച്ചുതുടങ്ങിയത്. അക്കാലത്തെ യാഥാസ്ഥിതികസമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സുഖ്‌ദേവും കുടുംബവും കലാപ്രവര്‍ത്തനം നടത്തിയത്.

സിതാരാദേവിക്ക് 11 വയസ്സുള്ളപ്പോള്‍ കുടുംബം ബോംബെയിലേക്ക് കുടിയേറി. അവിടെവെച്ച് നൃത്തത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടിയ സിതാര, കഥകിനെ ജനപ്രിയ നൃത്തരൂപമാക്കിമാറ്റി. ആദ്യകാലത്ത് ഒട്ടേറെ ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചു.

Sitara Devi
Image: Sitara Devi, Mathrubhumi Archive

ബോളിവുഡിലെ പ്രഗല്‍ഭ സംവിധായകന്‍ കെ. ആസിഫാണ് സിതാരാദേവിയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് ചലച്ചിത്രനിര്‍മാതാവ് പ്രതാപ് ബാരോട്ടിനെ വിവാഹം കഴിച്ചു. രണ്ടു വിവാഹങ്ങളും പരാജയമായിരുന്നു.2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തെങ്കിലും സിതാരാദേവി അത് നിരസിച്ചു. കഥക് കലാരൂപത്തിന് ഭാരതരത്‌ന പുരസ്‌കാരത്തില്‍ കുറഞ്ഞ ഒന്നും സ്വീകരിക്കില്ലെന്നുപറഞ്ഞായിരുന്നു ഇത്.

പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കാളിദാസ സമ്മാന്‍, ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2014 നവംബര്‍ 25ന് സിതാര ദേവി അന്തരിച്ചു.

Content Highlights: Sitara Devi, Google Doodle