'അച്ഛനുള്ള കാലമത്രയും മകളേ, നീ തനിച്ചാകില്ല, നിന്റെ കളിചിരികളില്ലാത്ത ഒരു ദിവസം അച്ഛന് ചിന്തിക്കാന്‍ പോലുമാകില്ല...' ഭിന്നശേഷിക്കാരിയായ മകള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരച്ഛനും ഇതൊന്നുമറിയാതെ അച്ഛന്റെ നിഴല്‍പറ്റി സദാസമയവും ചിരിച്ചും കളിച്ചും ജീവിതം കൊണ്ടാടുന്നൊരു മകളും. വരാപ്പുഴയിലെ കൊച്ചുവീട്ടില്‍ കളിയും ചിരിയും പാട്ടുമൊക്കെയായി ലോക്ക്ഡൗണ്‍ ആഘോഷിക്കുകയാണ് രാധാകൃഷ്ണനും മകള്‍ ഈശ്വരിയമ്മയും.  നറുക്കെടുപ്പ് മാറ്റിവെച്ച രണ്ട് കുറ്റി ബമ്പര്‍ ടിക്കറ്റാണ് ആകെയുള്ള സമ്പാദ്യം. ലോക്ക്ഡൗണില്‍ മുന്നോട്ടുള്ള വഴികള്‍ അടഞ്ഞെങ്കിലും മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനാല്‍ വേവലാതികളൊന്നും രാധാകൃഷ്ണന്റെ മുഖത്തില്ല. 

പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍നിന്ന് രണ്ടുനേരവും കൊടുത്തുവിടുന്ന ഭക്ഷണപ്പൊതികള്‍ കൊണ്ട് ഇരുവരും വിശപ്പടക്കും. പിന്നെയെല്ലാം പഴയപടി...  പരസ്പരം കൈകോര്‍ത്ത് ലോട്ടറി ടിക്കറ്റുമായി നടക്കുന്ന അച്ഛനും മകളും ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാതയിലൂടെ പോകുന്നവരുടെ കണ്ണില്‍പ്പെടാതെ പോകാനിടയില്ല. 30-കാരിയാണ് ഈശ്വരിയമ്മ. സംസാരശേഷിയും ഇല്ല, ശരീരത്തിനാകട്ടെ അമിത ഭാരവും. ആകെ പറയാനാകുന്നത് 'അച്ഛാ' എന്നു മാത്രം. ബാക്കിയെല്ലാം മൂളലും ആംഗ്യങ്ങളും.  

ഈശ്വരിക്ക് നാലു വയസ്സുള്ളപ്പോള്‍ അമ്മ എലിപ്പനി ബാധിച്ച് മരിച്ചു. പിന്നീടങ്ങോട്ട് സര്‍വവും അച്ഛനാണ്. സ്വന്തമായി ഒന്നും ചെയ്യാന്‍ ത്രാണിയില്ലാത്ത മകളുടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് അച്ഛനാണ്. മകളെ ഒരു നിമിഷംപോലും തനിച്ചാക്കി പോകാനാകില്ല. ആരെയെങ്കിലും കൂട്ടായി നിര്‍ത്താമെന്നുവച്ചാല്‍ സമ്മതിക്കുകയുമില്ല.  ബസ് ഡ്രൈവറായിരുന്നു രാധാകൃഷ്ണന്‍. ജോലിക്ക് പോയിരുന്നത് ഈശ്വരിയുമൊത്ത്. ഡ്രൈവിങ് സീറ്റിന് തൊട്ടടുത്തുള്ള സീറ്റില്‍ മകളുമുണ്ടാകും. രാത്രി ട്രിപ്പ് അവസാനിക്കുന്നതുവരെ ഇത് തുടരും. ഏറെ വര്‍ഷങ്ങള്‍ ഇങ്ങനെ പോയെങ്കിലും ഇത് തുടരാനാവില്ലെന്ന് ബസ്സുടമ പറഞ്ഞതോടെ ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായി. മകളെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോകാനുമാകില്ല. അങ്ങനെയാണ്, ആറുവര്‍ഷം മുമ്പ് ലോട്ടറിക്കച്ചവടം തുടങ്ങിയത്.  

രാവിലെ മകളെയും ചേര്‍ത്തുപിടിച്ച് ലോട്ടറി ടിക്കറ്റുമായി നിരത്തിലേക്കിറങ്ങും. കിട്ടുന്ന ലാഭം ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെയായി അന്നന്നുതന്നെ ചെലവാകും. തൊഴില്‍മാറ്റം വരുമാനത്തില്‍ കുറവുണ്ടാക്കിയെങ്കിലും അച്ഛനും മകളും സന്തുഷ്ടരായിരുന്നു.  കോവിഡിനെ തുടര്‍ന്ന് രണ്ടു മാസത്തോളമായി കച്ചവടം നിന്നതോടെ വരുമാനം നിലച്ചു, എങ്കിലും രാധാകൃഷ്ണന് പരാതിയൊന്നുമില്ല. നാടൊന്നാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണല്ലോ.  ലോട്ടറിയുമായി ഇറങ്ങുമ്പോള്‍ സമയം പോകുന്നതറിയില്ല. ഇപ്പോള്‍ ഏറെ സമയമുണ്ട്. ഈശ്വരിയമ്മയ്ക്ക് ഇഷ്ടപ്പെട്ട കഥകള്‍ പറഞ്ഞുകൊടുക്കും, അവള്‍ക്കൊപ്പം കളിക്കും, രാത്രിയില്‍ പാട്ടുപാടി ഉറക്കും. 

കോവിഡ് മൂലം നറുക്കെടുപ്പ് മാറ്റിവെച്ച രണ്ട് കുറ്റി ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റഴിക്കാനുണ്ട്. എന്നാലും അച്ഛനും മകളും പ്രതീക്ഷയിലാണ്... ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ലോട്ടറി ടിക്കറ്റുമായി ഇറങ്ങാം... പഴയപടി കാര്യങ്ങള്‍ മുന്നോട്ടുപോകും.  അമിതഭാരം കുറയ്ക്കാനായാല്‍ മകളുടെ പ്രകൃതത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് രാധാകൃഷ്ണന്‍ കരുതുന്നത്. ഇപ്പോള്‍ തൂക്കം നൂറ് കിലോയിലേറെയുണ്ട്.  വിദഗ്ദ്ധ ചികിത്സയ്ക്കൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. തന്റെ കാലം കഴിയുംവരെ മകളെ പൊന്നുപോലെ നോക്കും. പിന്നീടെന്തെന്നൊന്നും ചിന്തിച്ചിട്ടില്ല. വരാപ്പുഴയിലെ ചിറയ്ക്കകത്ത് പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ ആശ്രയ ഭവനത്തിലാണ് ഇവരുടെ താമസം.  

Content Highlights: Single father struggle to take care his differently able daughter at corona time lock down