പൂണെ: സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങൾക്കായി ഉഴിഞ്ഞുവെച്ച്‌, സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത കാണിച്ചുതന്ന സിന്ധുതായ് സപ്കൽ(73) അന്തരിച്ചു. പൂണെയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോ.ഷൈലേഷ് പുൻടാംബേകർ അറിയിച്ചു. അനാഥക്കുട്ടികളുടെ അമ്മ എന്ന പേരിലാണ് സിന്ധുതായ് അറിയപ്പെട്ടിരുന്നത്.

ഒന്നരമാസം മുമ്പ് ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ സിന്ധുതായുടെ ആരോ​ഗ്യം മോശമായിരുന്നു. കഴിഞ്ഞ വർഷം പത്മശ്രീ പുരസ്കാരം നേടിയിരുന്നു. ദാരിദ്ര്യത്തിനെതിരെ പടവെട്ടി സാമൂഹിക സേവന രം​ഗത്തേക്ക് വന്ന സിന്ധുതായിയുടെ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. അനാഥക്കുട്ടികൾക്കായി നിരവധി സ്ഥാപനങ്ങളും സിന്ധുതായ് ഒരുക്കിയിരുന്നു.

1948 നവംബർ പതിനാലിന് മഹാരാഷ്ട്രയിലെ വർധാ ജില്ലയിലാണ് സിന്ധുതായിയുടെ ജനനം. നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും പഠനം ഉപേക്ഷിക്കാൻ നിർബന്ധിതയായി. പന്ത്രണ്ടാം വയസ്സിൽ മുപ്പത്തിരണ്ടുകാരനുമായ വിവാഹം കഴിഞ്ഞ സിന്ധുതായി മൂന്നുമക്കൾക്ക് ജന്മം നൽകുകയും ചെയ്തു. വീണ്ടും ​ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭർത്താവ് ഉപേക്ഷിക്കുന്നത്. തുടർന്ന് അയൽവാസികളുടെയും മറ്റും സഹായത്തോടെയാണ് സിന്ധുതായ് മക്കളെ വളർത്തുന്നത്.

ജീവിതത്തിൽ നേരിട്ട ഇത്തരം സാഹചര്യങ്ങളാണ് പിൽക്കാലത്ത് അനാഥക്കുട്ടികൾക്കായി ആശ്രയം ഒരുക്കാൻ സിന്ധുതായിയെ പ്രേരിപ്പിച്ചത്. പത്മാ പുരസ്കാരത്തിനു പുറമെ 750 ഓളം വലുതും ചെറുതുമായ പുരസ്കാരങ്ങളും സിന്ധു തായിയെ തേടിയെത്തിയിരുന്നു. പുരസ്കാരത്തിൽ നിന്നു ലഭിക്കുന്ന പണവും അനാഥക്കുട്ടികൾക്ക് ആശ്രയമൊരുക്കാനാണ് സിന്ധുതായ് ചിലവഴിച്ചത്.

സിന്ധു തായിയുടെ ജീവിതം ആസ്പദമാക്കി സിനിമയും പുറത്തിറക്കിയിരുന്നു. 2010ൽ മീ സിന്ധു തായ് സപ്കൽ എന്ന പേരിലാണ് മറാത്തി ചിത്രം പുറത്തിറങ്ങിയത്. പ്രസ്തുത ചിത്രം അമ്പത്തിനാലാമത് ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സിന്ധു തായിക്ക് അനുശോചനം അറിയിച്ച് കമന്റ് ചെയ്തു. സമൂഹത്തിന് നൽകിയ ശ്രേഷ്ഠമായ സേവനത്തിന്റെ പേരിൽ സിന്ധുതായ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. അവരുടെ പരിശ്രമഫലമായി നിരവധി കുട്ടികൾക്ക് നല്ല ജീവിതം നയിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു.

മാതാപിതാക്കളും ഉറ്റവരും ഉടയവരും എല്ലാം ഉപേക്ഷിച്ച്‌ തെരുവിലെറിയപ്പെട്ട ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളെ മാറോടണച്ച്‌ മാതൃസ്നേഹവും വാത്സല്യവും നൽകി വളർത്തിയ സിന്ധുതായ് മായിയുടെ മരണത്തിൽ അനുശോചനം അറിയിക്കുകയാണ് നാനാതുറകളിലുള്ളവർ. 

Content Highlights : Social worker, Padma Shri awardee Sindhutai Sapkal passes away in Pune