പൂക്കോട് (വയനാട്): സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തില്‍ മാറ്റം വരണമെന്നും അവരെ തുല്യരായി കാണാന്‍ സമൂഹത്തിന് കഴിയണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍.

ലിംഗനീതിയുടെ ഏറ്റവുംമികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ സര്‍വകലാശാലയുടെ കാമ്പയിന് പിന്തുണ നല്‍കി ബിരുദധാരികളെ അഭിനന്ദിച്ച ഗവര്‍ണര്‍ കാമ്പസിലെ ആരോഗ്യകരമായ പരസ്പരബന്ധത്തിന്റെ ആവശ്യകതയും വിശദീകരിച്ചു.സ്ത്രീവിദ്യാഭ്യാസരംഗത്ത് ഇന്ന് വലിയ ഉണര്‍വുണ്ടായിട്ടുണ്ട്. ബിരുദം വാങ്ങിയവരില്‍ ഭൂരിപക്ഷം വനിതകളാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം ബിരുദദാനം നടത്തി.

സര്‍വകലാശാല പ്രോചാന്‍സലറും മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാനമാണ് നടന്നത്. വിവിധ കോഴ്‌സുകളിലായി ഉന്നതവിജയം നേടിയ 27 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലുകളും, എന്‍ഡോവ്‌മെന്റുകളും ഗവര്‍ണര്‍ സമ്മാനിച്ചു. എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, വാഴൂര്‍ സോമന്‍, വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പി. സുധീര്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 42 ബിരുദധാരികള്‍ നേരിട്ടും അറന്നൂറോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.

Content highlights: should change mentality against women kerala governer muhammed arif khan