ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കടലില്‍ ഒറ്റപ്പെട്ട് പോയ മക്കള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കി നാലുദിവസം കാത്തശേഷം ജീവന്‍ വെടിഞ്ഞ അമ്മയുടെ വാര്‍ത്ത നൊമ്പരമാകുന്നു. വെനേസ്വലയിലാണ് സംഭവം. അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ദ്വീപിലേക്ക് കുട്ടികളുമൊത്ത് യാത്ര പോയതായിരുന്നു മരിയേലി ഷാക്കോണ്‍ എന്ന യുവതിയും അവരുടെ രണ്ടുമക്കളുമടങ്ങുന്ന ഒന്‍പതംഗസംഘം. 

തീരത്തുനിന്നും 70 മൈല്‍ അകലെവെച്ച് ശക്തമായ തിരമാലയില്‍പ്പെട്ട് അവര്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്നു. തുടര്‍ന്ന് വെള്ളത്തില്‍ പൊങ്ങിക്കിടന്ന ബോട്ടിന്റെ ഭാഗത്ത് മരിയേലിയും മക്കളും അഭയം തേടി. ഇവര്‍ നാലുദിവസം കടലില്‍ ഒഴുകി നടന്നു. മക്കളായ ആറു വയസ്സുകാരന്‍ ജോസ് ഡേവിഡിനും രണ്ടു വയസ്സുകാരി മരിയ ബിയാട്രിസിനും മുലപ്പാല്‍ നല്‍കി മരിയേലി ജീവന്‍ നിലനിര്‍ത്തി. നാലുദിവസവും മുലപ്പാല്‍ മാത്രമായിരുന്നു അവരുടെ ഭക്ഷണം. സഹായത്തിന് ഒപ്പം കൂട്ടിയ സ്ത്രീയും രക്ഷപ്പെട്ടവരില്‍പ്പെടുന്നു. ഇവരെക്കൂടാതെ അഞ്ചുപേര്‍ കൂടി ബോട്ടിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

നിര്‍ജലീകരണം മൂലം മരിയേലിയയുടെ ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇലക്ട്രോലൈറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായണ് മരണകാരണം. 

രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന ബോട്ടിനുസമീപം എത്തിയപ്പോള്‍ അമ്മയുടെ മൃതദേഹത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കുഞ്ഞുങ്ങളെയാണ് കണ്ടത്. കുട്ടികളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയാണ് കുടുംബം ദ്വീപിലേക്ക് യാത്രപോയതെന്ന് മരിയേലിയുടെ അച്ഛന്‍ പറഞ്ഞു. രക്ഷപ്പെട്ട കുട്ടികള്‍ക്ക് ചെറിയ പരുക്കളുണ്ട്. ദാരുണസംഭവം നേരിട്ടു കണ്ടതിന്റെ ആഘാതത്തിലാണവരെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Content highlights: shipwrecked venezuelan mother died thirst despite drinking URINE kids survived