കൊച്ചി: തന്റെ പിറന്നാള്‍ദിനത്തില്‍ അയല്‍വാസിക്ക് കിണര്‍നിര്‍മിച്ച് ടിക്ടോക്കില്‍ താരമായി വീട്ടമ്മ. എറണാകുളം കീച്ചേരി സ്വദേശിനി ഷിജിയാണ് മകന്റെ ടിക് ടോക് വീഡിയോയിലൂടെ താരമായത്.  ദുഃഖവെള്ളിദിനത്തിലായിരുന്നു ഷിജിയുടെ 39-ാം പിറന്നാള്‍. എന്തായാലും വീട്ടില്‍ വെറുതെയിരിക്കുകയല്ലേ എന്നോര്‍ത്ത് അയല്‍വാസിയായ ബെന്നിക്കായി കിണര്‍ കുഴിക്കാന്‍ മുന്നിട്ടിറങ്ങി. 

ഷിജിയും ഭര്‍ത്താവും കിണര്‍ കുഴിക്കുകയും ബെന്നിയെ സഹായിയായി കൂടെകൂട്ടുകയും ചെയ്തു. ഏഴരക്കോല്‍ താഴ്ചയിലാണ് കിണര്‍ കുഴിച്ചത്. ആറുദിവസംകൊണ്ടാണ് കുഴിച്ചത്.  

അരയന്‍കാവ് കീച്ചേരി മണ്ണാറവേലില്‍ ശ്രീഹര്‍ഷന്റെ ഭാര്യയാണ് ഷിജി. 12 വര്‍ഷം മുന്‍പ് സ്വന്തംവീട്ടിലെ കിണര്‍കുഴിച്ചതും തെങ്ങുകയറ്റ തൊഴിലാളിയായ ശ്രീഹര്‍ഷനും ഷിജിയും ചേര്‍ന്നാണ്. ഇവരുടെ വീടിനുസമീപം താമസിക്കുന്ന ബെന്നിയുടെ കുടുംബവും ഈ കിണറ്റില്‍നിന്നാണ് വെള്ളം കോരിയിരുന്നത്. 

വേനലില്‍ വെള്ളംതികയാതെ വന്നതോടെയാണ് പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിച്ചത്.  ആറാംക്ലാസുകാരി ഗൗരി പാര്‍വതിയും നാലാംക്ലാസുകാരനായ ഗൗതംകൃഷ്ണയുമാണ് മക്കള്‍.

Content Highlights : Shiji Dug A Well For Her Neighbour in her birthday tiktok good news