കോഴിക്കോട്: സ്ത്രീകള്‍ക്ക് സുരക്ഷിതതാമസമെന്ന ലക്ഷ്യത്തോടെ പണിത ഷീലോഡ്ജ് തുറക്കാനുള്ള നടപടികള്‍ നീളുന്നു. 2020 നവംബറിലാണ് ഷീലോഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് ഇളവുകളില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഷീലോഡ്ജ് തുറക്കുന്നത് വൈകിക്കരുതെന്ന ആവശ്യം ശക്തമായി.

നഗരത്തില്‍ വന്നുപോകുന്ന സ്ത്രീകള്‍ക്ക് താമസിക്കാനുള്ള ഇടമെന്ന രീതിയിലാണ് ടൗണ്‍പോലീസ് സ്റ്റേഷന് സമീപം ലോഡ്ജ് പണിതത്. ഒരേ സമയം 125 പേര്‍ക്ക് താമസിക്കാം. 21 കിടപ്പുമുറികളും ആറ് ഡോര്‍മെട്രിയുണ്ട്.

ഒന്നാം നിലയിലാണ് കിടപ്പുമുറികളും വിനോദ വിജ്ഞാന സൗകര്യങ്ങളും. അടുക്കള, ഡൈനിങ് ഹാള്‍, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവ താഴെനിലയിലാണ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.7 കോടി ചെലവിലായിരുന്നു നിര്‍മാണം. റെയില്‍വേ സ്റ്റേഷന്‍, പാളയം, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ ഇവിടേക്ക് എത്താനാവും.

ഇവിടേക്കാവശ്യമായ കട്ടില്‍, കസേര പോലുള്ള ഫര്‍ണിച്ചര്‍ വാങ്ങാന്‍ മൂന്ന് മാസം മുമ്പേ അനുമതിയായെങ്കിലും ഇതുവരെ അതൊന്നും ചെയ്തിട്ടില്ല. നടത്തിപ്പിന് ഏജന്‍സിയെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞെങ്കിലും അതുമായിട്ടില്ല.

നേരത്തേതന്നെ ഷീലോഡ്ജിന്റെ കാര്യം കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ പറഞ്ഞു. ഒക്ടോബറില്‍ തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി. രാജന്‍ പറഞ്ഞു.

Content highlights: she lodge is not open for women travellers in kozhikode