ബിബിസിയുടെ 2020 ലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് സ്ത്രീകളില്‍ ഒരാളായി ഷഹീന്‍ ബാഗിലെ ബില്‍ക്കിസ് മുത്തശ്ശി. പൗരത്വബില്ലിനെതിരേ (CAA) സമരം ചെയ്താണ് 82-കാരിയായ ബില്‍ക്കിസ് മുത്തശ്ശി വാര്‍ത്തകളില്‍ ഇടം നേടിയത്. ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ബില്‍ക്കിസും നൂറ്കണക്കിന് സ്ത്രീകളും മൂന്ന് മാസത്തിലധികം ഷഹീന്‍ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു. 

ജനങ്ങളുടെ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായാണ് ഷഹീന്‍ബാഗിലെ മുത്തശ്ശിയെ ആളുകള്‍ ഏറ്റെടുത്തത്. ടൈം മാഗസിന്‍ ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിലൊരാളായി ബില്‍ക്കിസിനെ തിരഞ്ഞെടുത്തിരുന്നു. പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും മുഖമെന്നാണ് ടൈം ബില്‍ക്കിസിനെ വിശേഷിപ്പിച്ചത്. 

'ഞങ്ങള്‍ ഇത് ആദ്യം മുതലേ ആവശ്യപ്പെടുന്നുണ്ട്, മോദിജി നിങ്ങള്‍ ഈ നിയമം പിന്‍വലിക്കണം, എങ്കില്‍ ഞങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചുപോകാനാവും. ഞങ്ങളിവിടെ തമാശയ്ക്കു വേണ്ടിയല്ല ഇരിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെയും കുടുംബത്തെയും വിട്ടാണ് ഇവിടെ ഇരിക്കുന്നത്.' ബില്‍ക്കിസ് ഫെബ്രുവരിയില്‍ പ്രതിക്ഷേധത്തിനിടെ പറഞ്ഞ വാക്കുകളാണ്. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ബില്‍ക്കിസും മറ്റ് പ്രതിക്ഷേധക്കാരും ഇവിടെ നിന്ന് പിരിഞ്ഞു പോയത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് ബില്‍ക്കിസിന്റേത് എന്നാണ് ബിബിസിയുടെ വിശേഷണം.

women
റിഥിമ പാണ്ഡെ, ഇസൈവാണി

ബില്‍ക്കിസിനൊപ്പം റിഥിമ പാണ്ഡെ എന്ന പതിമൂന്ന് വയസ്സുകാരിയും ഇസൈവാണി എന്ന ഗായികയും കായിക താരമായ മാനസി ജോഷിയും നൂറ് സ്ത്രീകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാലവസ്ഥാ മാറ്റങ്ങള്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കാത്തിന് സര്‍ക്കാരിനെതിരേ യു.എന്നില്‍ പരാതി നല്‍കിയാണ് റിഥിമ ജനശ്രദ്ധ നേടിയത്. തമിഴ്‌നാട്ടിലെ പരമ്പരാഗത സംഗീതത്തെ, പ്രത്യേകിച്ചും താഴെതട്ടിലുള്ള ആളുകളുടെ വാമൊഴിഗാനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗാന എന്ന സംഗീത ഗ്രൂപ്പ് തുടങ്ങിയതാണ് ഇസൈവാണിയെ പ്രസിദ്ധയാക്കിയത്. ഇത്തരം ഗാനങ്ങള്‍ കൂടുതലും പാടിയിരുന്നത് പുരുഷന്മാരായിരുന്നു. എന്നാല്‍ ഇസൈവാണി സ്ത്രീകള്‍ക്ക് പാടാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി. 

2019 ലെ പാരാ ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായ മാനസി ജോഷിയെ ടൈം മാഗസിന്‍ അടുത്ത തലമുറയെ നയിക്കേണ്ടവള്‍ എന്നാണ് വിശേഷിപ്പിച്ചത്. ടൈംമിന്റെ കവര്‍ ചിത്രമായും മാനസിയെ തിരഞ്ഞെടുത്തിരുന്നു. 

Content Highlights: Shaheen Bagh’s Dadi, 13-Yr-Old Ridhima, Manasi Joshi Among BBC Women of the Year