ഈ മാസം ആദ്യമാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെങ് ഷുയിയെ പുറം ലോകം കണ്ടിട്ടില്ല. അവരുടെ സുരക്ഷയെ സംബന്ധിച്ചും എവിടെയാണെന്നതു സംബന്ധിച്ചും വലിയ ആശങ്കകളാണ് ടെന്നീസ് ലോകം പങ്കുവയ്ക്കുന്നത്. 

വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്റ്റീവ് സിമോണ്‍, പെങ്ങിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പെങ്ങിന്റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു.

ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഗവോലിക്കുള്ള കത്തിന്റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ ഷുയി ആരോപിച്ചു. എന്നാല്‍, ഷുയിയുടെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി. 

അതേസമയം, പെങ് സിമോണിന് അയച്ചുവെന്ന് പറയപ്പെടുന്ന ഇ-മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍. പ്രസിദ്ധീകരിച്ചു. തന്റെ പേരില്‍ പുറത്തുവന്ന ലൈംഗിക ആരോപണം സത്യമല്ലെന്നും താന്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും എല്ലാക്കാര്യങ്ങളും നന്നായി പോകുന്നുവെന്നും ഇ-മെയിലില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇ-മെയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടില്‍ കര്‍സര്‍ കാണുന്നുണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇ-മെയില്‍ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് സിമോണും വ്യക്തമാക്കി. 

പെങ് തടവിലാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കണമെന്ന് ചൈനീസ് ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്സ് എന്ന സംഘടനയുടെ അംഗമായ വില്യം നീ പറഞ്ഞു. പെങ്ങിന്റേതായി പുറത്തുവന്ന ഇ-മെയില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയല്ലെന്നും സര്‍ക്കാരിന്റെ ശക്തി കാണിച്ച് പേടിപ്പിക്കാന്‍ വേണ്ടിയാണെന്ന് ജര്‍മ്മര്‍ മാര്‍ഷല്‍ ഫണ്ട് അംഗം മരീകെ ഓല്‍ബെര്‍ഗ് പറഞ്ഞു. 

പെങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കിയെന്ന് നാലു തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക പറഞ്ഞു. ടെന്നീസ് മേഖലയില്‍നിന്നുള്ള ഒട്ടേറെ കളിക്കാര്‍ പെങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു. ചൈനയുടെ ദേശീയ ടെന്നീസ് അസോസിയേഷനാകട്ടെ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, പെട്ര കിറ്റോവ, സിമോണ ഹാലെപ്, കോക്കോ ഗൗഫ് തുടങ്ങിയവരും യു.എസ്. ഓപ്പണ്‍ ടെന്നീസ്സും ആശങ്കകള്‍ അറിയിച്ച് പരസ്യമായി രംഗത്തെത്തി. whereispenshuai എന്ന പേരില്‍ ഇവരെല്ലാം ട്വിറ്ററില്‍ ഹാഷ് ടാഗുകള്‍ പങ്കുവെച്ചു. 

'എന്റെ സുഹൃത്തായ പെങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും എന്നെ തകര്‍ത്തു കളയുന്നതുമാണ്. അവര്‍ സുരക്ഷിതയാണെന്നും എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. ഈ വിഷമം പിടിച്ച അവസ്ഥയില്‍ പെങ്ങിനും അവരുടെകുടുംബത്തിനും സ്‌നേഹം അറിയിക്കുന്നു'-സെറീന വില്യംസ് ട്വീറ്റ് ചെയ്തു.

ഒരുതരത്തിലും സെന്‍സര്‍ഷിപ്പുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നവോമി ഒസാക ട്വീറ്റ് ചെയ്തു. പെങ്ങിനും അവരുടെ കുടുംബത്തിലും പിന്തുണ അറിയിക്കുന്നതായി ഒസാക കൂട്ടിച്ചേര്‍ത്തു. 
പെങ്ങിന്റെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ടെന്നീസ് സമൂഹം പങ്കുവെച്ച ആശങ്കകള്‍ക്കൊപ്പമാണ് തങ്ങളെന്ന് യു.എസ്. ഓപ്പണ്‍ ടെന്നീസ് ട്വീറ്റ് ചെയ്തു. 

ലൈംഗിക പീഡനത്തിനെതിരേ കഴിഞ്ഞ വര്‍ഷം ചൈന പുതിയ നിയമം പാസാക്കിയെങ്കിലും ഇരകള്‍ വലിയതോതിലുള്ള തടസ്സങ്ങളാണ് നേരിടുന്നതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ടു ചെയ്തു. ജീവഹാനി ഭയന്ന് ഇരകള്‍ മിക്കപ്പോഴും ലൈംഗിക പീഡന വിവരം മറച്ചുവയ്ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ജീവനക്കാരിയായ വാങ് ക്വി ബോസ് തന്നെ  ബലംപ്രയോഗിച്ച് ചുംബിച്ചുവെന്നും തുടര്‍ച്ചയായി ഉപദ്രവിച്ചുവെന്നും പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കുകയുണ്ടായില്ല. മറിച്ച് ബോസ് വാങ്ങിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും കോടതിയോട് മാപ്പുപറയേണ്ടി വരികയും ചെയ്തു. ലൈംഗികമായി പീഡിപ്പിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ കഴിയാതിരുന്നതാണ് കാരണം.

Content highlights: Peng Shuai sex assult case, China blocked social media campaign, Chinese Communist party leader