ജെനേവ: ലൈംഗിക ആരോപണം ഉന്നയിച്ച് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാതിരുന്ന ചൈനയുടെ ടെന്നീസ് താരം പെങ് ഷുവായിയുമായി വീഡിയോകോള്‍ ചെയ്ത് സംസാരിച്ചതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു. പെങ് ഷുവായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് തോമസ് ബാച്ചിന്റെ വെളിപ്പെടുത്തല്‍. പെങ് സുഖമായി ഇരിക്കുന്നുവെന്നും 30 മിനിറ്റ് അവരുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ക്ഷേമത്തെക്കുറിച്ചുള്ള ഐ.ഒ.സി.യുടെ ആശങ്കകളില്‍ ഷുവായി നന്ദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

താന്‍ സുരക്ഷിതയാണെന്നും ബെയ്ജിങ്ങിലുള്ള തന്റെ വസതിയില്‍ സുഖമായി ഇരിക്കുന്നുവെന്നും പെങ് പറഞ്ഞു. പക്ഷേ, ഈ സമയം തന്റെ സ്വകാരതയെ മാനിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചതായും കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കാനാണ് ഇപ്പോള്‍ താത്പര്യപ്പെടുന്നതെന്നും പെങ് വ്യക്തമാക്കി. ടെന്നീസില്‍ തുടരുമെന്നും സ്‌പോര്‍ട്‌സിനെ അവര്‍ അത്രയധികമായി സ്‌നേഹിക്കുന്നുണ്ടെന്നും ഐ.ഒ.സി. കൂട്ടിച്ചേര്‍ത്തു. 35 വയസ്സുകാരിയായ പെങ് ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് വിഭാഗത്തില്‍ രണ്ടുതവണ ചാംപ്യന്‍ പട്ടം നേടി.

നവംബര്‍ ആദ്യമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബല നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെങ്ങിനെ പൊതുപരിപാടികളിലൊന്നും കാണാതായത് അവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. 
യു.എസ്., യു.കെ. എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്രസഭയും പെങ് എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. 

ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, നൊവാക് ദ്യോകോവിച്ച്, നവോമി ഒസാക തുടങ്ങിയവരും പെങ്ങിന്റെ തിരോധാനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. 

Content highlights: peng Shuai sex assult case, IOC president talked with Peng, Peng is safe