സിലിക്കണ്‍ വാലി ക്ലാസിക് ടെന്നീസില്‍ നേരിട്ട ചരിത്ര പരാജയത്തിനു പിന്നിലെ ഒരു കാരണം പ്രസവാനന്തരം താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങളും വിഷാദവും ആണെന്ന് തുറന്നു പറഞ്ഞ് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസ്. സാന്‍ ജോസില്‍ നടന്ന മത്സരത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് സെറീനയുടെ തുറന്നുപറച്ചില്‍. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജോഹാന്ന കോന്റയോട് പരാജയപ്പെട്ടാണ് സെറീന ആദ്യറൗണ്ടില്‍ പുറത്തായത്. സെറീനയുടെ കരിയറിലെ ഏറ്റവും ദയനീയമായ തോല്‍വി എന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

കഴിഞ്ഞ കുറേ ദിവസം ഏറെ മാനസിക സമ്മര്‍ദ്ദമാണ് ഞാന്‍ അനുഭവിച്ചത്. പ്രസവാനന്തരമുള്ള വിഷാദത്തെ കുറിച്ച് ഞാന്‍ ഈ ദിവസങ്ങളില്‍ ഏറെ

serena
സെറീന മകള്‍ അലക്സിസ് ഒളിമ്പിയയ്ക്കൊപ്പം

വായിച്ചു, ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ മൂന്ന് വര്‍ഷം വരെ തുടര്‍ന്നേക്കാമെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.  

വിഷാദം മാത്രമല്ല, അമ്മയായതിനു ശേഷമുള്ള എല്ലാത്തരം ഉത്കണ്ഠകളും എന്നെ അലട്ടിയിരുന്നു. എന്റെ കുഞ്ഞിന് വേണ്ടതൊന്നും ഞാന്‍ ചെയ്യുന്നില്ലേ എന്ന ആശങ്കയ്‌ക്കൊപ്പം ഞാന്‍ ഒരു നല്ല അമ്മ അല്ലെന്നുള്ള ഉത്കണ്ഠയും എന്നെ അലട്ടിയിരുന്നു.

വീട്ടിലിരിക്കുന്ന അമ്മമാരാവട്ടെ, ജോലി ചെയ്യുന്ന അമ്മമാരാവട്ടെ, നിങ്ങളില്‍ പലരും സമാനമായ അവസ്ഥ നേരിടുന്നുണ്ടെന്ന് എനിക്കറിയാം. കുഞ്ഞിനും ജോലിക്കും ബാക്കി കാര്യങ്ങള്‍ക്കും വേണ്ടി സമയം ബാലന്‍സ് ചെയ്യുന്ന നിങ്ങളാണ് യഥാര്‍ഥ ഹീറോസ്-സെറീന ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

പരാജയത്തെ കുറിച്ചോര്‍ത്ത് ഞെട്ടിത്തരിച്ചിരിക്കാനോ വിഷമിച്ചിരിക്കാനോ ഇനി എനിക്കാവില്ല, അതിനുള്ള സമയവുമില്ല. കോര്‍ട്ടില്‍ ഞാന്‍ മികച്ച ഫോമില്‍ അല്ലെന്ന് തുടക്കം മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു, ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. എതിരാളിക്ക് വിജയത്തിലേക്ക് വഴി കാണിച്ചതും അത് തന്നെയാണ്.കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ പരാജയത്തെ പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്.- സെറീന കുറിച്ചു. 

അമ്മയായതിനു ശേഷമുള്ള അഞ്ചാമത്തെ ടൂര്‍ണമെന്റായിരുന്നു സെറീനയ്ക്ക് സാന്‍ ജോസിലേത്. ആദ്യ റൗണ്ടില്‍ 6-1, 6-0 പോയിന്റുകള്‍ക്കാണ് കോന്റയോട് സെറീന പരാജയപ്പെട്ടത്. സെപ്തംബര്‍ ഒന്നിനാണ് സെറീനയുടെ മകള്‍ അലക്‌സിസ് ഒളിമ്പിയയുടെ ആദ്യ ജന്മദിനം. 

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? 

Content Highlight: Serena Williams, Postpartum Disease, San Jose's Silicon Valley Classic