ആർത്തവകാല ശുചിത്വത്തെക്കുറിച്ചും താഴേത്തട്ടിലുള്ളവർക്കിടയിൽ ആർത്തവ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചുമൊക്കെ ധാരാളം വാർത്തകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് സ്കോട്ലൻഡ് സർക്കാരിന്റെ വിപ്ലവാത്മകരമായ ചുവടുവെപ്പ്. ആർത്തവ ഉത്പന്നങ്ങൾ സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കുകയാണ് സ്കോട്ലൻഡ്.
ഇതുസംബന്ധിച്ച ബില്ലിന് ഈയാഴ്ച്ച ആദ്യമാണ് സ്കോട്ടിഷ് പാർലമെന്റ് ഐക്യകണ്ഠേന അംഗീകാരം നൽകിയത്. ഇതുപ്രകാരം സാനിറ്ററി പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട നിയമപരമായ ഉത്തരവാദിത്തം സ്ഥലത്തെ പ്രാദേശിക അധികാരികൾക്കായിരിക്കും.
ലേബർ പാർട്ടി അംഗവും എംപിയുമായ മോനിക ലെനൻ ആണ് ബിൽ അവതരിപ്പിച്ചത്. ചൊവ്വാഴ്ച്ച ബിൽ ഐകകണ്ഠേന പാസാക്കുകയും ചെയ്തു. ആർത്തവം മഹാമാരിക്കു മുന്നിൽ അവസാനിക്കുന്നതല്ല, അതുകൊണ്ടുതന്നെ മറ്റേതു സാഹചര്യത്തേക്കാളും ഈ നിയമത്തിന് പ്രാധാന്യം വർധിപ്പിച്ച കാലമാണ് ഇതെന്നും മോനിക പറഞ്ഞു. ആർത്തവ ഉത്പന്നങ്ങൾ ആവശ്യക്കാരിലേക്കെത്തിക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കുക രാജ്യത്തെ 32 പ്രാദേശിക കൗൺസിലുകളാണ്.
ന്യൂസീലൻഡിലും ഈ വർഷമാദ്യം ആർത്തവദാരിദ്ര്യത്തെ ചെറുക്കാൻ നടപടികളെടുത്തിരുന്നു. ഇതുപ്രകാരം സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി ആർത്തവഉത്പന്നങ്ങൾ ലഭ്യമാക്കാൻ 2.6 മില്യൺ ഡോളർ നീക്കിവെക്കുകയും ചെയ്തിരുന്നു. ആർത്തവകാലത്ത് ഉത്പന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതു മൂലം നിരവധി പെൺകുട്ടികൾ വീട്ടിലിരിക്കുന്നുണ്ടെന്നും ഇതുമൂലം പഠനം മുടങ്ങാതിരിക്കാനാണ് പുതിയ ചുവടുവെപ്പെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞിരുന്നു.
Content Highlights: Scotland first in world to make period products free