സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബെല്ലി ഡാന്‍സ് കളിച്ചതിന് അധ്യാപികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഈജിപ്തിലെ സ്‌കൂളില്‍ അറബിക് അധ്യാപികയായ അയ യൂസെഫിനെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. കെയ്‌റോയില്‍നിന്ന് വിനോദയാത്രപോയ സംഘത്തില്‍പ്പെട്ട അയ കപ്പലില്‍ വെച്ചാണ് നൃത്തം ചെയ്തത്. 

അയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അധ്യാപികയുടെ നൃത്തം സദാചാരബോധത്തിന് എതിരാണെന്ന് കാട്ടിയാണ് നടപടി. ഹിജാബും കൈ ഇറക്കമുള്ള ബ്ലൗസും പാന്റും ധരിച്ച് അയ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. 

ഇതിനുപിന്നാലെ അയയില്‍ നിന്ന് ഭര്‍ത്താവ് വിവാഹമോചനം നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡാകാലിയ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ അറബിക് അധ്യാപികയായിരുന്നു അയ.

മനസ്സാക്ഷിയില്ലാത്ത ആരോ ഒരാള്‍ ചെയ്ത പ്രവര്‍ത്തി എന്റെ ജീവിതം തകര്‍ത്തു കളഞ്ഞു. എന്റെ അന്തസ്സ് കളങ്കപ്പെടുത്താനും എന്നെ മോശമായി ചിത്രീകരിക്കാനും വേണ്ടി മാത്രമാണ് ക്യാമറ അടുത്തേക്ക് കൊണ്ടുവന്ന് ചിത്രീകരിച്ചത്-അയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ അനുവാദമില്ലാതെ വീഡിയോ എടുത്ത ആള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഈജിപ്തിലെ യാഥാസ്ഥിതികവാദികളെ അധ്യാപിക നൃത്തം ചെയ്തത് ചൊടിപ്പിച്ചു. ഈജിപ്തില്‍ വിദ്യാഭ്യാസം നിലവാരം കുറഞ്ഞതായി ചിലര്‍ അഭിപ്രായപ്പെട്ടു. അധ്യാപകര്‍ മാതൃകയാകേണ്ടവരാണെന്നും ഇത് അതിന് മോശം ഉദാഹരണമാണെന്നും മറ്റൊരാള്‍ പറഞ്ഞു. അതേസമയം, അയക്ക് പിന്തുണ അറിയിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈജിപ്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അയ യൂസഫിന് പിന്തുണ അറിയിച്ചു. 

അയയെ പിരിച്ചുവിട്ട തെറ്റായ നടപടിക്കെതിരേ പരാതി നല്‍കാന്‍ സഹായിക്കുമെന്ന് ഈജിപ്ഷ്യന്‍ സെന്റര്‍ ഫോര്‍ വിമെന്‍സ് റൈറ്റ്‌സ് തലവന്‍ ഡോ. നിഹാദ് അബു ക്യുംസാന്‍ പറഞ്ഞു. മകളുടെ വിവാഹത്തിന് നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സെക്കണ്ടറി സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ട് അയക്ക് പുതിയൊരു സ്‌കൂളില്‍ അറബിക് അധ്യാപികയായി നിയമനം നല്‍കി.

Content highlights: school teacher gor fired from job, belly dance with colleague