ചെന്നൈ: മാതാപിതാക്കൾ കാണപ്പെട്ട ദൈവമാണെന്ന് പറഞ്ഞുനടക്കുന്നതിന് ശരവണന് താത്പര്യമില്ല. പകരം, ക്ഷേത്രമുണ്ടാക്കി സ്വന്തം അമ്മയെ ദൈവമായി പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചെന്നൈയ്ക്ക് സമീപം മണലിയിലാണ് മകൻ അമ്മയ്ക്ക് ക്ഷേത്രംനിർമിച്ചത്. അമ്മയുടെ കരിങ്കൽവിഗ്രഹം പ്രതിഷ്ഠിച്ച് പൂജയും ആരംഭിച്ചു. ചെറിയ പ്രായത്തിൽ അച്ഛൻ മരിച്ചശേഷം ഏറെ ദുരിതങ്ങൾ സഹിച്ച് തന്നെയും സഹോദരങ്ങളെയും വളർത്തിയ അമ്മയോടുള്ള സ്നേഹവും ആരാധനയുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ശരവണൻ പറയുന്നു.

രാഷ്ട്രീയനേതാക്കൾക്കും സിനിമാ താരങ്ങൾക്കും ക്ഷേത്രംനിർമിക്കുന്നത് തമിഴ്‌നാട്ടിൽ പുതിയ കാര്യമല്ലെങ്കിലും അമ്മ പ്രതിഷ്ഠയായ ക്ഷേത്രം ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഡ്രൈവറായിരുന്ന രാമദാസിനും ഭാര്യ ശിവകലയ്ക്കും 13 മക്കളിൽ ഏറ്റവും ഇളയവനാണ് ഇറച്ചിക്കോഴിക്കട നടത്തുന്ന ശരവണൻ. 40 വർഷംമുമ്പ് അച്ഛൻ മരിക്കുമ്പോൾ ശരവണന് അഞ്ചു വയസ്സായിരുന്നു. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ശരവണൻ അടക്കമുള്ള മക്കളെ ശിവകല വളർത്തിയത്. കഴിഞ്ഞവർഷം ശിവകല മരിച്ചതോടെയാണ് അമ്മയുടെ ഓർമയ്ക്കായി ക്ഷേത്രംനിർമിക്കാൻ ശരവണൻ തീരുമാനിച്ചത്.

അമ്മയല്ലാതെ മറ്റൊരു ദൈവം വേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. മഹാബലിപുരത്തുള്ള ശിൽപിയാണ് കരിങ്കൽ വിഗ്രഹമുണ്ടാക്കിയത്. ഇതിന് ഒരുലക്ഷംരൂപ ചെലവായി. വീടിന് മുൻവശത്തുതന്നെ ക്ഷേത്രത്തിനുള്ള ക്രമീകരണം ചെയ്യുകയായിരുന്നു. കേരള ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഗോപുരം നിർമിച്ചിരിക്കുന്നത്. അമ്മയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രം തുറന്നു. വിഗ്രഹത്തിൽ പാലഭിഷേകവും നടത്തി. എല്ലാദിവസവും വിഗ്രഹത്തിനുമുന്നിൽ പൂജ നടത്താനാണ്‌ ശരവണന്റെ തീരുമാനം.

Content Highlights: saravanan's temple for his mother