കൊച്ചി: പലപ്പോഴും വീട് കടലെടുക്കും. പിന്നെ താമസം ദുരിതാശ്വാസ ക്യാമ്പുകളില്‍. ദിവസങ്ങള്‍ക്കു ശേഷം ചെളി നിറഞ്ഞ വീടുകളിലേക്കു മടക്കം. പിന്നെ എല്ലാം പെറുക്കിക്കൂട്ടി പുതിയ തുടക്കം. ഇതിനിടെ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ അവര്‍ ഉള്ളിലൊതുക്കി.

ചെല്ലാനത്തെ സ്ത്രീകളുടെ ജീവിതമാണിത്. ആരോടും പറയാതെ കടുത്ത സമ്മര്‍ദത്തില്‍ അവരുടെ ആര്‍ത്തവകാലം വീടിനും ക്യാമ്പിനുമിടയില്‍ ഓടിത്തീരുന്നു. ആവശ്യത്തിന് സാനിറ്ററി നാപ്കിനുകളില്ലാതെ, ശുചിത്വമില്ലാതെ അവര്‍ ആ കാലവും കടന്നുപോകുന്നു. വീടും ഭക്ഷണവുമില്ലാത്ത അവസ്ഥയില്‍ സാനിറ്ററി നാപ്കിനുകള്‍ എന്നത് ഒരു പ്രധാന ആവശ്യമായി അവര്‍ക്കു തോന്നിയതേയില്ല. ആരോഗ്യസ്ഥിതി തിരിച്ചറിയാതെ ശുചിത്വമില്ലാതെ ആ കാലം പിന്നിട്ടതോടെ പല അസുഖങ്ങളും അവരെ വേട്ടയാടി.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെല്ലാനത്തെത്തിയ തേവര എസ്.എച്ച്. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റംഗങ്ങളാണ് സ്ത്രീകളുടെ ദുരിതങ്ങള്‍ മനസ്സിലാക്കിയത്. ദുരിതകാലം സ്ത്രീകള്‍ വിദ്യാര്‍ഥിനികളോടു പങ്കുവെച്ചു. വിവരം കോളേജിലെ പെണ്‍കൂട്ടായ്മയായ സ്വസ്തി (സേക്രഡ് ഹാര്‍ട്ട് വിമെന്‍സ് അസോസിയേഷന്‍ ഫോര്‍ സര്‍വീസ് ട്രൂത്ത് ആന്‍ഡ് ഓര്‍ഗനൈസേഷന്‍) യിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. അതോടെ ചെല്ലാനത്തെ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ എത്തിക്കുക എന്ന നന്മ നിറഞ്ഞ കരുതലിന്റെ ചിന്തകള്‍ പിറന്നു.

സ്വസ്തി സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്ററും ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയുമായ ഏഞ്ചല്‍ ഷാജിയാണ് ഇതിനായി ഒരു ചലഞ്ച് നടത്തണമെന്ന ആശയം അധ്യാപകരായ ജിനു ജോര്‍ജ്, പ്രിന്‍സി മോള്‍ എന്നിവരോട് പങ്കുവെച്ചത്. പ്രിന്‍സിപ്പല്‍ ഫാ. ജോസ് ജോണ്‍ തുറവക്കലും പൂര്‍ണ പിന്തുണ നല്‍കി. 'പിരീയഡ് ഓഫ് കൈന്‍ഡ്നെസ്' എന്ന പേരില്‍ 24 മണിക്കൂറാണ് ശനിയാഴ്ച ചലഞ്ച് നടത്തിയത്.

സാനിറ്ററി നാപ്കിന്‍ വാങ്ങാനായി കുറഞ്ഞത് അമ്പത് രൂപ ഗൂഗിള്‍ പേ വഴി സഹായം എത്തിക്കുന്നതായിരുന്നു ചലഞ്ച്. കോളേജ് വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി എല്ലാവരും ചലഞ്ചിനൊപ്പം നിന്നു.

24 മണിക്കൂര്‍ കൊണ്ട് സഹായധനമായി ലഭിച്ചത് 17,600 രൂപ. ചലഞ്ചിലൂടെ ശേഖരിച്ച പണം കോളേജിലെ എന്‍.എസ്.എസിന്റെ കോ-ഓര്‍ഡിനേറ്ററുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ആദ്യ ഘട്ടമായി ചെല്ലാനത്തെ സ്ത്രീകള്‍ക്ക് നാപ്കിനും മാസ്‌കും എത്തിച്ചു നല്‍കും. ബാക്കി വരുന്ന പണം ഉപയോഗിച്ച് ഭാവിയില്‍ ചെല്ലാനത്തെ സ്ത്രീകള്‍ക്ക് ആര്‍ത്തവ ശുചിത്വ ക്ലാസുകളും മെന്‍സ്ട്രല്‍ കപ്പുകളും നല്‍കാനാണ് പദ്ധതി.

Content Highlights: Sanitary Challenge for chellanam