നിശ്ചയദാർഢ്യം എന്നൊന്നുണ്ടെങ്കിൽ ഏതു സ്വപ്നവും കീഴടക്കാമെന്നു തെളിയിക്കുകയാണ് സംപ്രീതി യാദവ് എന്ന ബീഹാറുകാരി. ​എഞ്ചിനീയറിങ് ബിരുദധാരിയായ സംപ്രീതിക്ക് ​ഗൂ​ഗിളിൽ മോഹിപ്പിക്കുന്ന ശമ്പളത്തിനാണ് ജോലി ലഭിച്ചിരിക്കുന്നത്. 1.10 കോടിയാണ് സംപ്രീതിയുടെ വാർഷിക ശമ്പളം. 

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സംപ്രീതി മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് പുതിയ അവസരം ലഭിക്കുന്നത്. മൈക്രോസോഫ്റ്റിൽ 44 ലക്ഷം വാർഷിക ശമ്പളത്തിനാണ് സംപ്രീതി ജോലി ചെയ്തിരുന്നത്. 

ഫ്ളിപ്കാർട്ടിൽ നിന്നും സംപ്രീതിക്ക് ജോലിക്കുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ ​ഗൂ​ഗിളിൽ ജോലി നേടുക സംപ്രീതിയുടെ സ്വപ്നമായിരുന്നു. ഒമ്പതു റൗണ്ടുകളായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് സംപ്രീതിയെ തിരഞ്ഞെടുത്തത്. ഓരോ റൗണ്ടിലും താൻ നൽകിയ ഉത്തരങ്ങൾ ഇന്റർവ്യൂ ബോർ‍ഡിനെ സംതൃപ്തരാക്കിയെന്നും തൽഫലമായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും സംപ്രീതി പറയുന്നു. 

കോളേജിൽ നിന്നുള്ള പ്ലേസ്മെന്റുകൾക്ക് പുറമെ തന്റേതായ രീതിയിൽ അവസരങ്ങളെക്കുറിച്ച് സംപ്രീതി നിരന്തരം അന്വേഷിച്ചിരുന്നു. അങ്ങനെയാണ് ​ഗൂ​ഗിളിലേക്ക് ബയോഡേറ്റ അയക്കുന്നത്. സംപ്രീതിയുടെ ബയോഡേറ്റയിൽ തൽപരരായ ​ഗൂ​ഗിളിൽ നിന്ന് അഭിമുഖത്തിനായി ക്ഷണം ലഭിക്കുകയായിരുന്നു. 

ഇനി ഇത്രത്തോളം ശമ്പളമുള്ള ജോലി ലഭിക്കുന്ന സ്ഥിതിക്ക് അവ കൊണ്ട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാലും സംപ്രീതിക്ക് കൃത്യമായ ഉത്തരമുണ്ട്. ജോലി ലണ്ടനിലായതിനാൽ ജീവിതച്ചെലവ് വളരെ കൂടുതലായിരിക്കും എന്നാണ് സംപ്രീതിയുടെ മറുപടി. 

ലക്ഷ്യം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുക പ്രധാനമാണെന്നും സംപ്രീതി പറയുന്നു. ഒരു ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ പിന്നെ അവ നേടിയെടുക്കുക എളുപ്പമാണെന്നും സംപ്രീതി പറയുന്നു. 

ഫെബ്രുവരി പതിനാലിനാണ് സംപ്രീതി ​ഗൂ​ഗിളിൽ ജോലിയിൽ പ്രവേശിക്കുന്നത്. ബാങ്ക് ഓഫീസറാണ് സംപ്രീതിയുടെ പിതാവ് രാമശങ്കർ യാദവ്. അമ്മ ശശി പ്രഭ പ്ലാനി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ബാങ്ക് ഓഫീസറാണ്. 

Content Highlights: sampreeti yadav, bihar girl, job at google, crore package job, inspiring women