അമിതഭാരം കുറയ്ക്കാനാണ് സൈമ ഉബൈദ് എന്ന ഇരുപത്തേഴുകാരി ജിമ്മില്‍ ചേര്‍ന്നത്. പവര്‍ലിഫ്റ്റിങ് ട്രെയ്‌നര്‍ കൂടിയായ ഭര്‍ത്താവ് ഉബൈദ് ഹസീഫിന്റെ ഫിറ്റ്‌നസ്സ് ശീലങ്ങളെ മാതൃകയാക്കിയാണ് സൈമ അവിടെ എത്തിയത്. ഫിറ്റ്‌നസ്സിലെ ഈ ഇഷ്ടം പവര്‍ ലിഫ്റ്റിങില്‍ കശ്മീരിലെ ആദ്യ വനിതാ സ്വര്‍ണമെഡെല്‍ ജേതാവെന്ന പേരും ഇപ്പോള്‍ സൈമയ്ക്ക് നേടിക്കൊടുത്തു കഴിഞ്ഞു.
കശ്മീരില്‍ നടന്ന നാലാമത് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് സൈമ ഈ നേട്ടം കൊയ്തത്. ജമ്മു കശ്മീര്‍ പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ ആദ്യമായാണ് സ്ത്രീകള്‍ക്കായി ഇത്തരത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. 255 കിലോ ഭാരമാണ് സൈമ ഉയര്‍ത്തിയത്.
ഒരു കുഞ്ഞിന്റെ അമ്മകൂടിയായ സൈമ ഉത്തരവാദിത്തങ്ങള്‍ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാവില്ല എന്ന് തെളിയിക്കുകയാണ് തന്റെ ഈ നേട്ടത്തിലൂടെ. സ്ത്രീകള്‍ക്ക് ഒരു മാതൃകയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സമൂഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ചിറകുകള്‍ മുറിച്ചുകളയുന്നവരാണ് മിക്ക സ്ത്രീകളെന്നും സൈമ എഎന്‍ഐയോട് പറഞ്ഞു.
'പവര്‍ ലിഫ്റ്റിങില്‍ നമുക്ക് വേണ്ടത് നമ്മുടെ സ്വാഭാവിക ശക്തിയാണ്. അങ്ങനെയാണ് ഞാനവളോട് ഈ ആശയം പറയുന്നത്. അവള്‍ സമ്മതിക്കുകയും ചെയ്തു. ഞങ്ങള്‍ പരിശീലനവും തുടങ്ങി. ദൈവാനുഗ്രഹം കൊണ്ട് സൈമ ഇങ്ങനെയൊരു നേട്ടം കൊയ്യുകയും ചെയ്തു.' ഭര്‍ത്താവായ ഉബൈദ് വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറയുന്നു.
2018 ലാണ് സൈമയും ഉബൈദും വിവാഹിതരായത്. സൈമയ്ക്ക് ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതുമൂലം കുട്ടികളുണ്ടാവാനുള്ള സാധ്യതപോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പക്ഷേ കാത്തിരിപ്പിനൊടുവില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞു പിറന്നു. എന്നാല്‍ കുഞ്ഞുണ്ടായ ശേഷം നട്ടെല്ലിന് ഉണ്ടായ പ്രശ്‌നങ്ങള്‍ സൈമയെ കൃത്യമായി വ്യായാമം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതാണ് ഭാരം കൂടാനുള്ള കാരണമായി. ഇരുവരും ചേര്‍ന്ന് ഇതെല്ലാം മറികടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights: Saima Ubaid becomes first woman power-lifter from Kashmir