കോഴിക്കോട്: ബിസിനസുകാരിയാവുകയെന്ന സ്വപ്നത്തിന് കോവിഡ് തടസ്സമായപ്പോള്‍ തോറ്റു മടങ്ങാന്‍ തയ്യാറായില്ല ബേപ്പൂര്‍ സ്വദേശിനി സഫീറ. കോവിഡിനെതിരേ പൊരുതാന്‍ ആംബുലന്‍സുമായി അവര്‍ ഇറങ്ങി. ഒന്നാം തരംഗത്തില്‍ ആരംഭിച്ച ആംബുലന്‍സ് രണ്ടാം തരംഗത്തിലും ഇടതടവില്ലാതെ ഓടുകയാണ്.

കോഴിക്കോട് ബീച്ചില്‍ പായസം വില്‍പ്പനയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരുന്നു സഫീറ. സഫീറയുടെ പായസവണ്ടിക്കായി ഒത്തിരിപ്പേര്‍ ബീച്ചില്‍ കാത്തിരിക്കാറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തോടെ അത് നിലച്ചു. പിന്നീട് മറ്റൊരു തൊഴില്‍ തേടിയിറങ്ങുകയായിരുന്നു. അങ്ങനെയാണ് ഒരു വര്‍ഷം മുമ്പ് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഓടിച്ചു തുടങ്ങിയത്.

കോര്‍പ്പറേഷന്‍ 50-ാം ഡിവിഷനിലെ ബേപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വാഹനമാണ് ഇപ്പോള്‍ സമീപത്തെ ഏഴു ഡിവിഷനുകളിലെ കോവിഡ് രോഗികളുമായി രാപകലില്ലാതെ സര്‍വീസ് നടത്തുന്നത്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളെയും കിടപ്പിലായ രോഗികളെയും മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും എത്തിക്കുന്നതില്‍ മുന്നിലുണ്ട് സഫീറ. ബേപ്പൂരിലിപ്പോള്‍ കോവിഡ്പ്രതിരോധത്തിന് കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരും വാഹനങ്ങളുമുണ്ടെങ്കിലും ആദ്യഘട്ടം മുതലേ രംഗത്തുണ്ട് സഫീറ. പലപ്പോഴും രോഗികളുമായി ഒറ്റയ്ക്കാണ് ആശുപത്രികളിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ അവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയുംചെയ്താണ് മടങ്ങുന്നത്.

ആദ്യമൊക്കെ കോവിഡ് രോഗികളുമായി പോകുമ്പോള്‍ പേടിയുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറിയെന്ന് സഫീറ പറയുന്നു. രോഗികളുടെ വിഷമം കാണുമ്പോള്‍ പലപ്പോഴും നിസ്സഹായയാകാറുണ്ട്. രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതും മരണനിരക്ക് ഉയര്‍ന്നതും വെല്ലുവിളിയാണെന്ന് അവര്‍ പറയുന്നു.

കോവിഡ് ബാധിച്ചവരുടെ മൃതദേഹം യഥാസ്ഥാനങ്ങളിലേക്ക് എത്തിക്കാനും ആംബുലന്‍സ് സേവനം നല്‍കുന്നുണ്ട്. എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന സഫീറ കോവിഡ് കാലത്ത് മികച്ച സേവനമാണ് നല്‍കുന്നതെന്ന് കൗണ്‍സിലര്‍ കൃഷ്ണകുമാരി പറയുന്നു. ഭര്‍ത്താവ് സുനിലും മൂന്ന് കുട്ടികളും പിന്തുണയുമായി സഫീറയ്‌ക്കൊപ്പമുണ്ട്.

Content Highlights: Safeera Women ambulance driver from kerala helping covid patients