ശബരിമല/തിരുവനന്തപുരം: ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിവന്ന് മൂന്നുമാസത്തിനുശേഷം ശബരിമലയില്‍ യുവതികള്‍ ആദ്യമായി ദര്‍ശനം നടത്തി. കോഴിക്കോട് എടക്കുളം സ്വദേശി ബിന്ദു അമ്മിണി (41), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗ (42) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ പോലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. വിവരം പുറത്തുവന്നതോടെ തന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തി. നടയടയ്ക്കാന്‍ നിര്‍ദേശിച്ച തന്ത്രിയുടെ നടപടിക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടതുമുന്നണി നേതാക്കളും രംഗത്തെത്തി. നടയടയ്ക്കാനുള്ള അധികാരം തന്ത്രിക്കില്ലെന്ന് കടകംപള്ളിയും സുപ്രീംകോടതിവിധിയുടെ ലംഘനമാണിതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സന്നിധാനത്തെത്തിയത് പുലര്‍ച്ചെ മൂന്നരയ്ക്ക്

ബുധനാഴ്ച വെളുപ്പിന് 12.45ഓടെയാണ് ബിന്ദുവും കനകദുര്‍ഗയും പമ്പയില്‍ എത്തിയത്. ഒന്നരയോടെ മഫ്തിയിലുള്ള പോലീസിന്റെ അകമ്പടിയില്‍ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ച് മലകയറി. മൂന്നരയോടെ സന്നിധാനത്തെത്തി. പമ്പയില്‍നിന്ന് സന്നിധാനത്തെ ആശുപത്രിയിലേക്കുള്ള ആംബുലന്‍സിലാണ് ഇവരെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ശബരിമല ഡ്യൂട്ടിക്കില്ലാത്ത, കണ്ണൂരില്‍നിന്നുള്ള മൂന്നു പോലീസുകാരാണ് ദര്‍ശനത്തിന് അകമ്പടിപോയത്.

3.48ന് ദേവസ്വം ജീവനക്കാര്‍ക്കുള്ള ഗേറ്റ് വഴി ഇരുവരെയും പോലീസ് സോപാനത്ത് എത്തിച്ചു. 3.53നായിരുന്നു ദര്‍ശനം. പിന്നീട് പോലീസ് അകമ്പടിയില്‍ത്തന്നെ മലയിറക്കി പമ്പയിലും തുടര്‍ന്ന് നിലയ്ക്കലും എത്തിച്ചു. നിലയ്ക്കലില്‍നിന്ന് മടങ്ങിയ വഴിയിലും ഇവര്‍ക്ക് സുരക്ഷനല്‍കി. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല.

ഭക്തരെ മാറ്റി നടയടച്ചു

യുവതീപ്രവേശം ആചാരലംഘനമായി കണക്കാക്കി രാവിലെ 10.30നാണ് നടയടച്ചത്. പതിനെട്ടാംപടി കയറാന്‍നിന്ന ഭക്തരെയും സോപാനത്ത് ദര്‍ശനത്തിന് കാത്തുനിന്നവരെയും പോലീസ് മാറ്റി. ഒരുമണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ക്കുശേഷം 11.25ഓടെ നട തുറന്ന് വീണ്ടും ദര്‍ശനം അനുവദിച്ചു.

10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നീക്കിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് യുവതികള്‍ ദര്‍ശനം നടത്തുന്നത്.

തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ ബിന്ദുവും സുഹൃത്ത് കനകദുര്‍ഗയും ഡിസംബര്‍ 24ന് ശബരിമല ദര്‍ശനത്തിന് വന്നിരുന്നു. അന്ന് മരക്കൂട്ടം കടന്ന് സന്നിധാനത്തിന് അടുത്ത് ചന്ദ്രാനന്ദന്‍ റോഡുവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധം കാരണം പോലീസ് തന്നെ നിര്‍ബന്ധിച്ച് മലയിറക്കുകയായിരുന്നു. വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് അന്ന് ബിന്ദു പറഞ്ഞിരുന്നു.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് തുലാമാസപൂജമുതല്‍ ഇതുവരെ ഇരുപതോളം യുവതികള്‍ ശബരിലമല കയറാന്‍ വന്നിരുന്നു. നിലയ്ക്കല്‍മുതല്‍ വലിയ നടപ്പന്തല്‍വരെ യുവതികള്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം മടങ്ങുകയായിരുന്നു.

പുറത്തറിഞ്ഞത് ഏഴരയ്ക്ക്

യുവതികള്‍ ദര്‍ശനം നടത്തിയ വിവരം രാവിലെ ഏഴരയോടെയാണ് പുറത്തുവന്നത്. സന്നിധാനത്ത് സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ പോലും ആദ്യം ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. പത്തുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസും ദേവസ്വം ബോര്‍ഡ് അധികൃതരും തയ്യാറായി. പരിശോധനയില്‍ ദൃശ്യങ്ങള്‍ കണ്ടതോടെ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും തുടര്‍കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. തുടര്‍ന്നാണ് ശുദ്ധിക്രിയക്കായി നട അടച്ചത്.

Content Highlights: sabarimala women entry bindhu kanakadurga