2011ല്‍ റോബര്‍ട്ട് വാദ്രയുടെ സ്വത്തുസമ്പാദന വാര്‍ത്ത ദേശതാല്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെങ്കില്‍ 2017-ല്‍ ജയ് ഷായുടെ വ്യവസായ സ്ഥാപനം അനധികൃത വരുമാനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഉണ്ടായ മാറ്റം എന്താണെന്ന് രോഹിണി സിങ്. ഒരു മലയാള മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'2011-ല്‍ റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. വാദ്ര ഒരു സ്വാകാര്യ വ്യക്തിയല്ലേയെന്ന് അന്നത്തെ ഭരണകക്ഷി ചോദിച്ചപ്പോള്‍ വാദ്ര സ്വകാര്യ വ്യക്തിയല്ലെന്നും ഇത്തരം വിഷയങ്ങള്‍ രാജ്യത്തിന്റെ ഭരണത്തേയും രാഷ്ട്രീയത്തേയും ബാധിക്കുന്നതാണെന്ന് ബി.ജെ.പി നേതാക്കളാണ് പറഞ്ഞത്. വാര്‍ത്ത ദേശതാല്‍പര്യത്തിനാണെന്നും ധീരമായ വാര്‍ത്തക്ക് അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

ഇന്ന് ബി.ജെ.പി നേതാക്കളോട് ഇതേ ചോദ്യം ചോദിക്കുകയാണ്. ഓരോരുത്തര്‍ക്കും അവരവരെ പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഒരു ചോദ്യമേ അവരോടെനിക്ക് ചോദിക്കാനുള്ളൂ. 2011ല്‍ റോബര്‍ട്ട് വാദ്രയുടെ സ്വത്തുസമ്പാദന വാര്‍ത്ത ദേശതാല്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെങ്കില്‍ 2017-ല്‍ ഉണ്ടായ മാറ്റം എന്താണ്? ' രോഹിണി ചോദിക്കുന്നു. 

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വ്യവസായ സ്ഥാപനം അനധികൃത വരുമാനം നേടിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് രോഹിണി സിങ്ങാണ്. തൊട്ടടുത്ത ദിവസം തന്നെ രോഹിണി സിങ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ജയ് ഷാ അപകീര്‍ത്തി കേസ് നല്‍കിയിരുന്നു.