ക്ഷണം ഓർഡർ ചെയ്ത് റെസ്റ്ററന്റ് രുചി വീട്ടിലെത്തിക്കുന്ന കാലമാണിത്. ഓൺലൈൻ ഓർഡറുകൾക്കിടയിലെ വ്യത്യസ്ത അനുഭവങ്ങളും സമൂഹമാധ്യമത്തിൽ നിറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഹൃദയം തൊടുന്ന അനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. റെസ്റ്ററന്റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം ഓർഡ‍ർ ചെയ്ത ഒരാൾക്കുണ്ടായ അനുഭവമാണത്. 

ഓസ്ട്രേലിയയിലാണ് സഭവം, വയ്യാതെ കിടക്കുകയായിരുന്ന ഒരാൾ റെസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. റെസ്റ്ററന്റ് അടയ്ക്കാനുള്ള സമയമായതിനാൽ ഓർഡറിനൊപ്പം ഒരു ക്ഷമാപണ കുറിപ്പും കക്ഷി വച്ചിരുന്നു. 'വളരെ വൈകി ഭക്ഷണം ഓർഡർ ചെയ്തതിന് ക്ഷമിക്കണം. വയ്യാതെ കിടക്കുകയായിരുന്നതിനാൽ അപ്പോൾ എഴുന്നേറ്റതേ ഉള്ളൂ. കട അടയ്ക്കാൻ സമയമായെന്ന് അറിയാം. അതുകൊണ്ട് ഭക്ഷണം കാൻസൽ ചെയ്താലും എനിക്കത് മനസ്സിലാകും'. ഇതായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

എന്നാൽ വ്യത്യസ്തമായ ഈ ഓർഡറിനെ അങ്ങനെ തള്ളിക്കളയാൻ റെസ്റ്ററന്റ് ജീവനക്കാർക്ക് കഴിയുമായിരുന്നില്ല. ഓർഡറിനൊപ്പം സൗജന്യമായി ഗാർലിക് ബ്രെഡും ആത്മാർഥമായ കുറിപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഒരു മറുപടി കുറിപ്പും ജീവനക്കാർ നൽകി. വൈകി ഓർഡർ‌ ചെയ്തതോർത്ത് ആകുലപ്പെടേണ്ടെന്നും സൗജന്യമായി ​ഗാർലിക് ബ്രെഡ് അയക്കുന്നുവെന്നും ജീവനക്കാർ കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ ആത്മാർഥമായ സന്ദേശങ്ങളാണ് തങ്ങളുടെ ദിവസം മെച്ചപ്പെടുത്തുന്നതെന്നും അവർ കുറിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ പോസ്റ്റും ജീവനക്കാരിലൊരാൾ പങ്കുവെച്ചു. 

സ്വകാര്യത മാനിച്ച് ഓർഡർ ചെയ്തയാളുടെ പേര് പുറത്തുവിടാതെയാണ് റെസ്റ്ററന്റ് ജീവനക്കാർ പോസ്റ്റ് പങ്കുവെച്ചത്. ഇവരുടെ പ്രതികരണം മനസ്സുനിറച്ചെന്നു പറഞ്ഞ് ഭക്ഷണം ഓർ‍ഡർ ചെയ്തയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. അധികം വൈകാതെ  റെഡ്ഡിറ്റിൽ നിരവധി പേർ ഈ പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു.

 Content Highlights: Restaurant sends free food with last minute order that came with this sweet note