കയ്പമംഗലം: ആറു കൊല്ലമായി ‘സ്വന്തം’ രാജ്യമില്ലാതിരുന്ന റാവിയത്തുമ്മയ്ക്ക് ഇനി അഭിമാനത്തോടെ പറയാം, ഇന്ത്യ എന്റെ രാജ്യമാണെന്ന്. റേഷൻ കാർഡിൽ, വോട്ടർ പട്ടികയിൽ പേരുണ്ടാവുമല്ലോ എന്ന ആഹ്ലാദത്തിലാണ് 50 വയസ്സുള്ള ഈ മുൻ ശ്രീലങ്കക്കാരി. ഇനി ആധാർ കാർഡ് വേണം. പിന്നെ, പാസ്പോർട്ട് കിട്ടിയിട്ടു വേണം 15 കൊല്ലത്തിനു ശേഷം സ്വന്തം മാതാപിതാക്കളെ ചെന്നു കാണാൻ.

2002-ൽ ഖത്തറിൽ വെച്ച് കയ്പമംഗലം ചളിങ്ങാട് സ്വദേശി അമ്പലത്തുവീട്ടിൽ ജമാലുദ്ദീൻ വിവാഹം കഴിച്ചതോടെയാണ് റാവിയത്തുമ്മ കേരളത്തിലെത്തിയത്. 2006 മുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് ഇപ്പോൾ 17 വയസുള്ള ഒരു മകളുണ്ട്.

2014-ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചതോടെ ശ്രീലങ്കൻ പൗരത്വം റദ്ദാക്കി. ഇന്ത്യൻ പൗരത്വം കിട്ടാൻ വൈകുകയും ചെയ്തു. അതോടെ ശ്രീലങ്കയിലുള്ള മാതാപിതാക്കളെ കാണാൻ കഴിയാത്ത വിഷമത്തിലായിരുന്നു ഇവർ. റാവിയത്തുമ്മയ്ക്ക് ജില്ലാ കളക്ടർ ഹരിത വി. കുമാർ ചൊവ്വാഴ്ച വൈകീട്ടാണ് പൗരത്വരേഖ കൈമാറിയത്.

2018-ൽ റാവിയത്തുമ്മയുടെ ഭർത്താവ് ജമാലുദ്ദീൻ മരിച്ചു. ഏഴുമാസം മുമ്പ് മതിലകം സ്വദേശിയായ മറ്റൊരാൾ ഇവരെ പുനർവിവാഹം ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ഖദർവാല ജില്ലയിലെ ഓട്ടോമാവാടി സ്വദേശിയായിരുന്നു റാവിയത്തുമ്മ. ജോലിക്കായി ഖത്തറിലെത്തിയപ്പോഴായിരുന്നു ജമാലുദ്ദീനുമായുള്ള വിവാഹം.

Content highlights: raviyathumma a srilankan native got indian citizenship