കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നൃത്തബിരുദ പഠനത്തിന് പ്രവേശനം നേടി ട്രാന്‍സ്ജെന്‍ഡര്‍മാരായ രഞ്ജുമോള്‍ മോഹനും തന്‍വി രാകേഷും. ബുധനാഴ്ച കോളേജിലെത്തി പഠനം തുടങ്ങാനുള്ള ഒരുക്കത്തിലാണിവര്‍.

സംസ്ഥാനത്തുതന്നെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ നൃത്തബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുന്ന ആദ്യ വിദ്യാര്‍ഥികളാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. മുമ്പ് പല തവണ നൃത്തബിരുദ പഠനത്തിനുള്ള ആഗ്രഹവുമായി കോളേജുകള്‍ കയറിയിറങ്ങിയെങ്കിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം ഇല്ലാത്തതിനാല്‍ പ്രവേശനം ലഭിക്കാതെ പോകുകയായിരുന്നു. ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരളനടനം, ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ മത്സരിച്ചിട്ടുള്ളയാളാണ് തൃപ്പൂണിത്തുറക്കാരിയായ തന്‍വി. എ ഗ്രേഡും പലവട്ടം നേടിയിട്ടുണ്ട്. ബി.കോം പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് തന്‍വി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് കൊച്ചി മെട്രോയില്‍ ഒരു വര്‍ഷം ജോലി ചെയ്തു.

2017-ല്‍ ബി.എ. ഭരതനാട്യം പ്രവേശനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ ട്രാന്‍സ്ജെന്‍ഡറായതോടെ പഴയ സര്‍ട്ടിഫിക്കറ്റിലെ പേരും പുതിയ വ്യക്തിയായ ശേഷമുള്ള പേരും ഉള്ള ആള്‍ ഒന്നാണ് എന്ന് തെളിയിക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ വന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി പെരുവയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയാണ്. അന്ന് നഷ്ടമായ അവസരം ഇത്തവണ കൈവന്നു.

കോട്ടയം മാന്നാര്‍ സ്വദേശി രഞ്ജു അഞ്ചാം ക്ലാസ് മുതല്‍ ഓട്ടന്‍തുള്ളല്‍ പഠിക്കുന്നു. കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടക്കാതെയായതോടെ ബി.എസ്സി. ജ്യോഗ്രഫി പഠിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. പഠനം കഴിഞ്ഞ് കൊച്ചി മെട്രോയില്‍ ജോലി ചെയ്തു. പണ്ട് മാറ്റിവെച്ച ആഗ്രഹം ഇത്തവണ ആര്‍.എല്‍.വി. കോളേജിലെ ബി.എ. കഥകളി പഠനത്തിലൂടെ നേടുകയാണ് രഞ്ജു.

Content highlights: ranju and thanvi will join for bachelor of dance degree